ജൽജീവന്‍ പദ്ധതി ‘വെള്ളത്തിലായെന്ന്’ പ്രതിപക്ഷം; എല്ലാവർക്കും വെള്ളം നൽകുമെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വെള്ളമെത്തിക്കേണ്ട ജൽജീവന്‍ പദ്ധതി സർക്കാറിന്റെ കെടുകാര്യസ്ഥതയും ധനപ്രതിസന്ധിയുംകൊണ്ട് ഇല്ലാതാക്കിയതിൽ ചർച്ച ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. ധനപ്രതിസന്ധിയിലും പദ്ധതി മുന്നോട്ടാണെന്നും എല്ലാവർക്കും വെള്ളമെത്തിച്ച് പദ്ധതി പൂർത്തിയാക്കുമെന്നും സർക്കാർ വിശദീകരിച്ചതിനു പിന്നാലെ, സ്പീക്കർ എ.എൻ. ഷംസീർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
യു.പി.എ സര്‍ക്കാറിന്റെ കാലത്തെ ഭാരത് നിർമാണിന്റെ ഭാഗമായുള്ള പദ്ധതി പൂർത്തിയാകുമ്പോൾ 54 ലക്ഷം പേര്‍ക്ക് കണക്ഷന് കൊടുക്കേണ്ടതാണ്. കാലാവധി പൂര്‍ത്തിയായിട്ടും പദ്ധതി തുകയുടെ നാലിലൊന്നുപോലും ചെലവാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കേണ്ട 44, 715 കോടിയുടെ പദ്ധതിയുടെ കലാവധി 2024ൽ പൂർത്തിയായി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾചേർന്ന് 9410 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ വർഷം 7500 കോടിയെങ്കിലും വേണ്ടതായ പദ്ധതിക്ക് ബജറ്റിൽ 550 കോടി മാത്രമാണ് നീക്കിവെച്ചത്. എന്ത് ബജറ്റ് മാനേജ്മെന്റാണിതെന്നും അദ്ദേഹം ചോദിച്ചു.
ബജറ്റ് വിഹിതത്തിന് പുറമെയും ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വിശദീകരിച്ചു. വൻകിട പദ്ധതിയായതിനാൽ പൂർത്തിയാക്കുന്നതിന് സമയമെടുക്കുന്നത് സ്വാഭാവികം. ഇതിനകം പൂർത്തിയായ മേഖലകളിൽ 19 ലക്ഷം പേർക്ക് കണക്ഷൻ നൽകിയെന്നും മന്ത്രി പറഞ്ഞു.
നിലവിലെ പദ്ധതികളിൽനിന്നാണ് പുതിയ കണക്ഷനുകൾ നൽകിയതെന്നും ജലസംഭരണി വർധിപ്പിക്കാതെ കണക്ഷൻ നൽകുന്നതിനാൽ ആർക്കും വെള്ളം കിട്ടാത്ത സാഹചര്യമാണെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡുകൾ കുളമായി കിടക്കുന്നു. കരാറുകൾക്ക് പണം നൽകാത്തതിനാൽ പ്രവൃത്തി സ്തംഭിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെട്ടിപ്പൊളിച്ച റോഡുകളിൽ പകുതി നന്നാക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.