തിരിച്ചടിച്ച് പ്രതിപക്ഷം: ‘കോൺഗ്രസിന് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ട’
text_fieldsതിരുവനന്തപുരം: സംഘ്പരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ടെന്നും ആരോപണങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസ് ഇല്ലാത്ത എന്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെക്കുറിച്ചാണ് കേരള മുഖ്യമന്ത്രി പറയുന്നത്? മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എ.ഡി.ജി.പിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം ചരിത്രത്തെ വളച്ചൊടിക്കുകയാണ് മുഖ്യമന്ത്രി. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലെത്തി മാസ്കറ്റ് ഹോട്ടലില്‍ ആര്.എസ്.എസ് നേതാക്കളുമായി ശ്രീഎമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയത് പിണറായി വിജയനാണ്. ആ ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ച ശ്രീഎമ്മിന് പിണറായി വിജയന് തന്നെയല്ലേ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. ഇതിനെക്കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി ചോദിച്ചിട്ടും മറുപടി ഇല്ലാതെ കുനിഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്.
മാരാർ ഇ.എം.എസിന് ബാഡ്ജ് കുത്തിയത് മറക്കരുത്
1977 ല്‍ ആര്.എസ്.എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എം.എല്‍.എയായിരുന്നു പിണറായി വിജയന്. അന്ന് ഉദുമയിലെ സി.പി.എം- ആര്.എസ്.എസ് സംയുക്ത സ്ഥാനാർഥിയായിരുന്നില്ലേ ആര്.എസ്.എസ് നേതാവ് കെ.ജി. മാരാര്‍. അതേ കെ.ജി. മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി. സിങ്ങിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജ്യോതിബസുവും അദ്വാനിക്കും വാജ്പേയിക്കും ഒപ്പം നില്ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും.
പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾ
- ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയെയും റാം മാധവിനേയും 10 ദിവസത്തെ ഇടവേളയില്‍ എ.ഡി.ജി.പി കണ്ടത് എന്തിന്?
- ആര്.എസ്.എസ് നേതാക്കളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയത് എന്തിന്?
- മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എ.ഡി.ജി.പി ആര്.എസ്.എസ് നേതാക്കളെ സന്ദര്‍ശിച്ചത്?
- ഇതേ എ.ഡി.ജി.പിയെ ഉപയോഗിച്ച് ബി.ജെ.പിയെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂര്‍പൂരം കലക്കിയത്?
- പ്രതിപക്ഷത്തിനൊപ്പം എല്‍.ഡി.എഫിലെ ഘടകകക്ഷികളും എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിന്?
- കോവളത്ത് റാം മാധവ് - എ.ഡി.ജി.പി കൂടിക്കാഴ്ച നടന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരൊക്കെ?
- 10 ദിവസമായി ഒരു സി.പി.എം എം.എല്‍.എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ?
- പ്രകാശ് ജാവ്ദേക്കറെ കണ്ടതിന്റെ പേരിലാണ് ഇ.പി. ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കിയത്. അങ്ങനെയെങ്കില്‍ കേരളത്തിലെ ബി.ജെ.പി ചുമതലയുള്ള ജാവ്ദേക്കറെ നാലും അഞ്ചും തവണ കണ്ടെന്നു പരസ്യമായി സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെയല്ലേ ആദ്യം പുറത്താക്കേണ്ടിയിരുന്നത്?
- പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാർഥി ശിവദാസമേനോന്റെ പ്രചാരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി പങ്കെടുത്തത് പിണറായി വിജയന് നിഷേധിക്കുമോ?
- മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കിയതിനു പകരമായല്ലേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിച്ചത്?
മുഖ്യമന്ത്രി പറയേണ്ടത് മറുപടി, പാർട്ടി ചരിത്രമല്ല -ആർ.എസ്.പി
തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമങ്ങളുടെയും പൊതു സമൂഹത്തിന്റെയും ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഏകപക്ഷീയമായി പാർട്ടി ചരിത്രം പറഞ്ഞിട്ട് കാര്യമില്ലെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. മലപ്പുറത്തെ എല്ലാ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഒരുമിച്ച് നീക്കം ചെയ്തതിലൂടെ പി.വി. അൻവർ ഉന്നയിച്ച ആക്ഷേപങ്ങളെയും ആരോപണങ്ങളെയും മുഖ്യമന്ത്രി വല്ലാതെ ഭയപ്പെടുന്നെന്നതാണ് വെളിപ്പെടുന്നത്. അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഇതിലൂടെ വ്യക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറുടെ നിലപാട് ഗുരുതര തെറ്റ് -ഡെപ്യൂട്ടി സ്പീക്കർ
പാലക്കാട്: ആർ.എസ്.എസ് നേതാവിനെ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ സന്ദർശിച്ചതിനെ ന്യായീകരിച്ച സ്പീക്കറുടെ നിലപാട് ഗുരുതര തെറ്റെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. സ്പീക്കർ സ്ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയാൻ പാടില്ല. എ.ഡി.ജി.പിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാകില്ല. ഭരണകക്ഷി എം.എൽ.എയാണ് ആരോപണം ഉന്നയിച്ചതെന്നും ചിറ്റയം ഗോപകുമാർ പാലക്കാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.