ആൾക്കൂട്ട സമരം: പ്രതിപക്ഷം കോവിഡ് പ്രതിരോധം തകിടംമറിക്കുന്നു –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ സംഘടനകള്‍ സമരങ്ങളെന്നപേരില് ആള്‍ക്കൂട്ടം സൃഷ്ടിച്ച് കോവിഡ് പ്രതിരോധത്തെ തകിടംമറിക്കുന്നെന്ന് മുഖ്യമന്ത്രി.
കോവിഡ് പ്രതിരോധത്തിെൻറ ഏറ്റവും അനിവാര്യമായകാര്യം ആള്‍ക്കൂട്ടം ഒഴിവാക്കുകയാണ്. അത് മുഖവിലക്കെടുക്കാതെയാണ് അക്രമാസക്തമായ ആള്‍ക്കൂട്ട സമരങ്ങള്‍ സംഘടിപ്പിക്കുന്നത്.
വൈറസിന് ഏറ്റവും എളുപ്പം പടരാവുന്ന അവസരമാണ് ഒരുക്കിക്കൊടുക്കുന്നത്. ഇതിെൻറ ഫലമായി സമരങ്ങള്‍ നേരിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റ് പൊലീസുകാരും കോവിഡ് ബാധിതരാകുന്നത് നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ കുറേ ദിവസമായി നടക്കുന്ന സമരങ്ങള്‍ തടയാന്‍ സംസ്ഥാനവ്യാപകമായി നിയുക്തരായ പൊലീസുകാരില്‍ 101 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇവരില്‍ ഒരു ഡിവൈ.എസ്.പി, ഒരു ഇന്‍സ്പെക്ടര്‍, 12 സബ് ഇന്‍സ്പെക്ടര്‍മാര്‍, എട്ട് എ.എസ്.ഐമാര്‍ എന്നിവരുള്‍പ്പെടുന്നു. കൂടാതെ 71 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്കും എട്ട് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 164 പേര് പ്രാഥമിക സമ്പർക്കപട്ടികയിലാണ്.
171 പേര് നിരീക്ഷണത്തിലാണ്. സഹപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്നതുമൂലം നിരവധി പൊലീസുകാര്‍ ക്വാറൻറീനിലായി. കോവിഡ് പ്രോട്ടോകോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയപാർട്ടികളും ഉത്തരവാദിത്തത്തോടെ പെരുമാറണം.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പ്രയത്നിക്കുന്നവരാണ് പൊലീസ്. അതിനുള്ള പ്രത്യുപകാരമായി അവര്‍ക്കിടയില്‍ രോഗം പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം.
അവരും മനുഷ്യരാണ്. മനുഷ്യ ജീവനുകളെക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന കാര്യം എല്ലാവരും തിരിച്ചറിയണം. അക്രമസമരം നടത്തിയാലേ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാകൂ എന്ന ധാരണ മാറിക്കിട്ടിയാല്‍ പ്രശ്നത്തിന് വലിയ അളവിൽ പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.