കുമിഞ്ഞുകൂടി ക്ഷേമനിധി പെൻഷൻ കുടിശ്ശിക; സഭയിൽ പ്രതിപക്ഷ വാക്കൗട്ട്
text_fieldsതിരുവനന്തപുരം: വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള തൊഴിലാളി പെൻഷൻ മാസങ്ങളായി മുടങ്ങിക്കിടക്കുന്നത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. തൊഴിലാളി വർഗത്തിന്റെ പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം ഭരിക്കുന്ന കേരളത്തിൽ തൊഴിലാളികൾക്ക് പെൻഷൻ നിഷേധിച്ചതുവഴി വാർധക്യകാലത്ത് ഭക്ഷണത്തിനും മരുന്നിനുമുള്ള വഴിയാണ് സർക്കാർ അടച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
15 ക്ഷേമനിധി ബോർഡുകൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിൽ ആറെണ്ണം അടച്ചുപൂട്ടലിന് തുല്യമായ അവസ്ഥയിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. പെൻഷൻ ഇനത്തിൽ മാത്രം ക്ഷേമനിധി ബോർഡുകൾക്ക് 2200 കോടി രൂപ കുടിശ്ശികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ മാത്രം 1392 കോടി രൂപയുടെ കുടിശ്ശികയുണ്ട്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 493 കോടി രൂപയാണ് കുടിശ്ശിക.
കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിന് 28 കോടി രൂപയാണ് ബാധ്യത. അംഗൻവാടി ജീവനക്കാർക്ക് മാസങ്ങളോളമായി പെൻഷൻ കുടിശ്ശികയാണ്. 45 ലക്ഷം തൊഴിലാളികളുടെ ക്ഷേമനിധി പെൻഷനാണ് കുടിശ്ശികയായത്. പിൻവാതിൽ വഴി നിയമിച്ച പാർട്ടിക്കാരെ കുത്തിനിറച്ച വെള്ളാനകളായി ക്ഷേമനിധി ബോർഡുകൾ മാറി. തൊഴിലാളി പാർട്ടിയുടെ മുൻഗണനയെന്താണെന്നും സതീശൻ ചോദിച്ചു.
എന്നാൽ, ക്ഷേമപെൻഷനുകളിൽ മൂന്ന് ഗഡു മാത്രമാണ് കുടിശ്ശികയെന്നും അവ വരുന്ന സാമ്പത്തിക വർഷത്തിൽ നൽകുമെന്നും മറുപടി പറഞ്ഞ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 2000 കോടി രൂപയാണ് രണ്ട് ഗഡുക്കളിലൂടെ സർക്കാർ വിതരണം ചെയ്തത്. 16 ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ ഫണ്ടിൽ നിന്നാണ് പെൻഷൻ കൊടുക്കുന്നത്. അധികാരമൊഴിയുമ്പോൾ എട്ടു മാസത്തോളം ക്ഷേമപെൻഷൻ കുടിശ്ശികയാക്കിയവരാണ് ഇപ്പോൾ പെൻഷനെ കുറിച്ച് പറയുന്നതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ യു.ഡി.എഫിന്റേത് മുതലക്കണ്ണീരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേമനിധികൾ ഏകീകരിക്കുമെന്നും ഇതിലൂടെ പെൻഷനിലെ ഇരട്ടിപ്പ് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കാനുള്ള ഓട്ടത്തിനിടയിൽ അടിസ്ഥാന വർഗത്തിന്റെ ജീവിത മാർഗമായ ക്ഷേമപെൻഷൻ അനുവദിക്കാനും സർക്കാർ തയാറാകണമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എം. വിൻസെന്റ് ആവശ്യപ്പെട്ടു. അഞ്ച് മുതൽ 17 മാസം വരെയാണ് വിവിധ ക്ഷേമനിധി പെൻഷൻ കുടിശ്ശികയുള്ളത്. കെട്ടിടനിർമാണ തൊഴിലാളി പെൻഷൻ 17 മാസമായി കുടിശ്ശികയാണ്. വിവാഹ ധനസഹായത്തിന് അപേക്ഷ കൊടുക്കുന്ന തൊഴിലാളിക്ക് കുട്ടികളെ സ്കൂളിൽ ചേർക്കുന്ന സമയമാകുമ്പോൾ പോലും ആ തുക നൽകാത്ത സർക്കാറാണിതെന്നും വിൻസെന്റ് പരിഹസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.