എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച പ്രത്യേകം അന്വേഷിക്കണമെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നൽകി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയുമായി കൂടിക്കാഴ്ച നടത്തിയ സംഭവം പ്രത്യേകം അന്വേഷിക്കണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം.എൽ.എ എം. വിൻസെന്‍റ് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും കത്ത് നൽകി.
2023 മെയ് മാസത്തിൽ ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച എ.ഡി.ജി.പി സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ചിന് അറിയാമായിരുന്നുവെന്ന് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെ കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആർ.എസ്.എസ് നേതാവ് റാം മാധവിനെ എ.ഡി.ജി.പി സന്ദർശിച്ചു. 10 ദിവസത്തെ ഇടവേളയിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നത്. മറ്റ് ചില വിഷയങ്ങളിൽ എ.ഡി.ജി.പിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണ്.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ചട്ടവിരുദ്ധമായും അതീവ രഹസ്യമായും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ച് ചർച്ച നടത്തിയതും തൃശൂർ പൂരം കലക്കുന്നതിന് കൂട്ടുനിന്നുവെന്ന ആരോപണവും അന്വേഷിക്കണമെന്നും നിയമപരമായ നടപടി സ്വീകരിക്കണമെന്നും എം. വിൻസെന്‍റ് കത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.