പ്രതിപക്ഷത്തിെൻറ അഭിപ്രായത്തിനും പ്രാധാന്യം നല്‍കണം -ഉപരാഷ്ട്രപതി
text_fieldsതിരുവനന്തപുരം: ജനാധിപത്യത്തില്‍ ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്നും പ്രതിപക്ഷത്തിന്റെ അഭിപ്രായത്തിനും പ്രാധാന്യം നല്‍കണമെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ഭരണഘടന ഉറപ്പുനല്‍കുന്ന സംസാരത്തിനുള്ള സ്വാതന്ത്ര്യം ഏറെ അനുഭവിക്കുന്നത് നിയമനിര്‍മാണ സഭകളിലാണ്. ഈ പ്രത്യേകാവകാശം ആരോഗ്യകരമായ സംവാദത്തിനും ഊർജസ്വലമായ ജനാധിപത്യ പാരമ്പര്യം നിലനിര്‍ത്താനുമാണ് വിനിയോഗിക്കേണ്ടത്. വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനില്ല.
എല്ലാതരം ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ പ്രാധാന്യം ലഭിക്കുമ്പോഴാണ് ജനാധിപത്യം പൂവണിയുകയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേരള നിയമസഭ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പ്രശ്നങ്ങളും രാഷ്ട്രീയ കണ്ണടയിലൂടെ നോക്കിക്കാണരുത്. രാജ്യതാൽപര്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ദേശീയതാല്പര്യത്തിനാണ് പ്രാധാന്യം നൽകേണ്ടത്. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ചര്‍ച്ചകളാണ് നടക്കേണ്ടത്. നിയമനിര്‍മാണ സഭകളില്‍ സാമാജികര്‍ അവരുടെ ജോലികള്‍ ചെയ്യാതെ മറ്റുള്ളതിലേക്ക് തിരിഞ്ഞാൽ അത് അപകടകരമാകും. നിയമസഭകളിലെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍ പാടില്ല.
സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിക്കാനുള്ള വേദികളല്ല പാര്‍ലമെന്റും നിയമസഭകളും. നിയമനിർമാണ സഭകളിലുണ്ടാകുന്ന തടസ്സങ്ങളെയും അസ്വസ്ഥതകളെയും രാഷ്ട്രീയ തന്ത്രവും ആയുധവുമാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭ പുസ്തകോത്സവത്തിന്റെ സുവനീര്‍ ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. നിയമസഭ കോംപ്ലക്സ് പുനർനവീകരണത്തിനും അദ്ദേഹം തറക്കല്ലിട്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി കെ. രാധാകൃഷ്ണന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.