Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണട വിവാദം...

കണ്ണട വിവാദം നിർഭാഗ്യകരം; സ്പീക്കറുടെ ചെലവുകൾ ഓഡിറ്റ് ചെയ്യാം - ശ്രീരാമകൃഷ്ണൻ

text_fields
bookmark_border
കണ്ണട വിവാദം നിർഭാഗ്യകരം; സ്പീക്കറുടെ ചെലവുകൾ ഓഡിറ്റ് ചെയ്യാം - ശ്രീരാമകൃഷ്ണൻ
cancel

കോഴിക്കോട്: കണ്ണട വിവാദത്തെ കുറിച്ചുള്ള പ്രചരണങ്ങൾ നിർഭാഗ്യകരമെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. 37 വർഷത്തെ പൊതുപ്രവർത്തനത്തിനിടയിലൊരിക്കലും വഴിവിട്ട നീക്കങ്ങളുടെയോ സാമ്പത്തികാരോപണങ്ങളുടെയോ ധൂർത്തിന്‍റെയോ പേരിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടില്ല. എന്‍റെ രീതികളെയും ജീവിതത്തെയും അറിയുന്നവർക്കാർക്കും അങ്ങനെയൊരു വിമർശനമുണ്ടാവുമെന്ന് കരുതുന്നുമില്ല. സാമാജികർക്ക് ലഭിക്കുന്ന ചികിത്സാ നിർദ്ദേശങ്ങളുടെ കൃത്യത സംബന്ധിച്ച വസ്തുതകൾ പരിശോധിക്കുന്നതിന് ഡോക്ടേഴ്സ് പാനൽ പോലുള്ള ചില നിയമസഭാ സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നു. സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളിലും ഒരു പുന:പരിശോധന ആവശ്യമെങ്കിൽ ഇന്‍റേണൽ ഓഡിറ്റിങ് നടത്താനും തീരുമാനിക്കുന്നതായും സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
കഠിനാനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ജീവിതം മൂശയിലിട്ടു വാർത്തതു പോലെ തെളിച്ചമാർന്നതാവുക. അത്തരമൊരനുഭവമാണ് എന്റെ പൊതുജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എട്ടാമത്തെ വയസ്സിൽ അടിയന്തിരാവസ്ഥാ പ്രഖ്യാപനം വന്ന ദിവസം മുന്നിലെത്തിയ പത്രത്തിൽ നിന്നാണ് രാഷ്ട്രീയ ചലനങ്ങൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങുന്നത്. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി തീർന്നത് 12 വയസ്സിൽ ബാലസംഘത്തിലൂടെയും ഇക്കഴിഞ്ഞ പത്തു മുപ്പത്തേഴു വർഷത്തെ പൊതുപ്രവർത്തനത്തിനിടയിലൊരിക്കലും വഴിവിട്ട നീക്കങ്ങളുടെയോ, സാമ്പത്തികാരോപണങ്ങളുടെയോ, ധൂർത്തിന്റെയോ പേരിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടില്ല. എന്റെ രീതികളെയും ജീവിതത്തെയും അറിയുന്നവർക്കാർക്കും അങ്ങനെയൊരു വിമർശനമുണ്ടാവുമെന്ന് ഞാൻ കരുതുന്നുമില്ല.

എന്നാൽ ഉപയോഗിക്കേണ്ടി വന്ന, ഒരു കണ്ണടയുടെ പേരിൽ ഉയർന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളും നർമോക്തി കലർന്ന പരിഹാസങ്ങളും അതിലുപരി ക്രൂരമായ പ്രചരണ പീഡനങ്ങളും നിർഭാഗ്യകരം എന്നേ പറയാനുള്ളൂ. എന്നാൽ എല്ലാ വിമർശനങ്ങളെയും തികച്ചും പോസിറ്റീവ് ആയി കാണുകയും, ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തേണ്ടതുണ്ടെന്ന ബോദ്ധ്യം ഉണ്ടാക്കിത്തന്ന മുഴുവൻ സുഹൃത്തുക്കളോടും വിമർശകരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു.

പക്ഷെ, നാലു പതിറ്റാണ്ടുകാലത്തെ ഒരു വ്യക്തിയുടെ പൊതു ജീവിതത്തിന്റെ അളവുകോലായി ഈ ഒരൊറ്റ സംഭവം മാത്രമെടുക്കുന്നതിലെ യുക്തിരാഹിത്യം ചർച്ച ചെയ്യപ്പെടണം. ഇതിൽ കാണിക്കുന്ന സവിശേഷ താൽപര്യം അസാധാരണമാണോ എന്നത് സമൂഹവും കാലവും വിധിയെഴുതട്ടെ.
ഏതെങ്കിലും തരത്തിൽ ആർഭാടകരമായ ഫ്രെയിമുകൾ ഇതുവരെ ഞാൻ ഉപയോഗിച്ചിട്ടില്ല. വിദേശത്തു നിന്നും നാട്ടിൽ നിന്നും സുഹൃത്തുക്കൾ വിലയേറിയ കണ്ണടകൾ സമ്മാനിക്കുമ്പോഴൊക്കെ സ്നേഹപൂർവ്വം നിരസിക്കുകയാണ് പതിവ്. മാത്രമല്ല ഇടക്കിടെ പല സ്ഥലത്തും വച്ച് നഷ്ടപ്പെട്ടു പോവുന്ന തിനാൽ അതിനോടൊരു പ്രത്യേക താൽപര്യമോ മമതയോ തോന്നിയിട്ടുമില്ല.

കഴിഞ്ഞ രണ്ടു വർഷമായി എനിക്ക് കാഴ്ചയുമായി മാത്രം ബന്ധപ്പെട്ടതല്ലാത്ത മറ്റു ചില ബുദ്ധിമുട്ടുകളുണ്ട്. എന്റെ ദൈനംദിന ജീവിതത്തെ, പൊതു പ്രവർത്തനത്തെ ബാധിക്കാത്തിടത്തോളം അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനോ സമൂഹത്തിൽ ചർച്ചക്ക് വെക്കാനോ ഞാൻ തയ്യാറുമല്ല.
അർദ്ധ ചന്ദ്രാകൃതിയിലുള്ള നിയമസഭാ വേദി ശരീരം പൂർണ്ണമായി തിരിഞ്ഞാൽ മാത്രമേ മുഴുവനായി കാണാൻ കഴിയുന്നുള്ളൂവെന്ന കാഴ്ചാ പ്രശ്നത്തെക്കുറിച്ച് നിരന്തരമായി പരാതി പറഞ്ഞപ്പോഴാണ് ഡോക്ടർ പുതിയ സ്പെസിഫിക്കേഷനിലുള്ള ലെൻസോടുകൂടിയ കണ്ണട ഉപയോഗിച്ചേ മതിയാവൂ എന്ന് നിർദ്ദേശിക്കുന്നത്. നിർദ്ദേശിക്കപ്പെട്ട കണ്ണട വാങ്ങാൻ സ്റ്റാഫിലെ ചിലരെ നിയോഗിച്ചു. 

എന്നാൽ ലെൻസിന്റെ വില ഇപ്പോൾ വിമർശന വിധേയമായത്രയും വരുമോ, ഒഫ്താൽമോളജിസ്റ്റിന്റെ നിർദ്ദേശം ശരിയാണോ, കടയിൽ നിന്ന് പറയുന്നതു പൂർണ്ണമായും ശരിയാണോ എന്നൊക്കെയുള്ള വിഷയങ്ങളിൽ സൂക്ഷ്മ പഠനത്തിനും പരിശോധനക്കും മിനക്കെട്ടില്ലെന്ന പിശക് എനിക്ക് സംഭവിച്ചിട്ടുണ്ട്. ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന ഡോക്ടറുടെ നിർദ്ദേശം ലഭിച്ചപ്പോൾ ഗഹനമായ പഠനം നടത്തുകയോ ബദൽ മാർഗ്ഗങ്ങൾ ആരായുകയോ ചെയ്യാതെ ലെൻസ് വാങ്ങാൻ നിർബന്ധിതനാവുകയാണുണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം കാഴ്ചയായിരുന്നു പ്രധാനം. ഒരു പക്ഷേ, സർക്കാർ പണം നൽകിയില്ലെങ്കിൽ പോലും അത് വാങ്ങിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഇതിൽ ഏതെങ്കിലും തരത്തിലുള്ള കാപട്യമോ ഒളിച്ചു വക്കലോ ആവശ്യമുണ്ടെന്ന് തോന്നിയില്ല. വില മറ്റാരെക്കൊണ്ടെങ്കിലും കൊടുപ്പിക്കാൻ കഴിയുമായിരുന്നില്ലേ..? കണക്കിൽ പെടാത്ത വിധം കൈകാര്യം ചെയ്യാമായിരുന്നില്ലേ..? അതൊന്നുമല്ല, അനുവദിച്ച ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുക തന്നെയാണ് ശരി എന്നതു തന്നെയാണ് എന്റെ നിലപാട്.

പ്രായമായ മാതാവിന്റെയോ, കുടുംബത്തിന്റെയോ എന്റെയോ ചികിൽസക്ക് ആവശ്യമായി വന്നാൽ നിയമം അനുശാസിക്കുന്ന രീതി അവലംബിക്കുകയാണ് ശരി എന്നാണ് എന്റെ പക്ഷം. ഔദാര്യങ്ങൾ സ്വീകരിച്ച് മാന്യനായി നടിക്കുന്നത് ശരിയല്ല എന്നത് എന്റെ വീക്ഷണവും. അത് അബദ്ധമാണോ സുബദ്ധമാണോ എന്ന് സമൂഹം തീരുമാനിക്കട്ടെ. എല്ലാ അഞ്ചു വർഷത്തിലും കണ്ണട വാങ്ങാൻ നിയമസഭാ സാമാജികർക്കുള്ള പരിരക്ഷ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് കൂടെ കൂട്ടത്തിൽ പറയട്ടെ. സാമാജികർക്കു ലഭിക്കുന്ന ചികിത്സാ നിർദ്ദേശങ്ങളുടെ കൃത്യത സംബന്ധിച്ച വസ്തുതകൾ പരിശോധിക്കുന്നതിന് ഡോക്ടേഴ്സ് പാനൽ പോലുള്ള ചില നിയമസഭാ സംവിധാനങ്ങളുണ്ടാക്കണമെന്നും ആഗ്രഹിക്കുന്നു.

മാധ്യമങ്ങളോട് ഒരു വാക്ക്. മുന്നിലെത്തുന്ന പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തുന്ന വ്യക്തിപരമായ പരിശ്രമങ്ങൾക്ക് ഈ മാധ്യമ ശ്രദ്ധയും പിന്തുണയും കിട്ടാറില്ലല്ലോ. മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടിയല്ല അതിലൊക്കെ ഇടപെടുന്നതും. സഹായിക്കാൻ തയ്യാറുള്ളവരുടെ പിന്തുണ കിട്ടുമെന്നുള്ള ഉറപ്പുള്ളതു കൊണ്ടാണ്. കിട്ടാതെ വരുമ്പോൾ സ്വയം ചെയ്യാൻ മടി കാണിക്കാറുമില്ല. അതൊന്നും ശ്രദ്ധിക്കരുത്.! വാർത്തയാക്കരുത്.! ഏതായാലും ഇത് ഒരു അനുഭവവും പാഠവുമാണ്. എന്റെ വ്യക്തി ശുദ്ധീകരണത്തിന് എന്ന നിലയിൽ എന്നെ വിമർശിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. വിമർശങ്ങൾ ഏറ്റുവാങ്ങുന്നു.

സമൂഹം എന്നിൽ ഏൽപിക്കുന്ന പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും തുറന്ന പ്രതികരണങ്ങൾ കുടുതൽ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കാൻ എന്നെ പ്രാപ്തനാക്കുമെന്ന് ഉറപ്പു നൽകുന്നു. സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളിലും ഒരു പുന:പരിശോധന ആവശ്യമെങ്കിൽ ഇന്‍റേണൽ ഓഡിറ്റിംഗ്, നടത്താനും തീരുമാനിക്കുന്നു. പക്ഷേ ഒപ്പം, ലഭിക്കേണ്ടിയിരുന്ന പിന്തുണകൾ ലഭിക്കാതെ പോയല്ലോ, എന്ന വിഷമം കൂടിയുണ്ട്. വ്യക്തി ജീവിതത്തിലെ വൈഷമ്യങ്ങളെ, വേദനകളെ, ശാരീരികാവശതകളെ പോലും സമൂഹ മദ്ധ്യേ വികൃതമായി ചിത്രീകരിക്കുന്ന മാധ്യമ, നവ മാധ്യമ രീതി നമ്മുടെ സമൂഹ വികാസത്തിന്റെ അപചയങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്നും പറയാതെ വയ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsp sreeramakrishnanmalayalam newsassemply SpeakerOptical Controversy
News Summary - Optical Controversy: Speaker Sreeramakrishnan Explained -Kerala News
Next Story