കൂലിപ്പണിക്കാരനിൽ നിന്ന് കേരളത്തിന്റെ മന്ത്രിക്കസേരയിലേക്ക്
text_fieldsകൽപറ്റ: കൂലിപ്പണിക്കാരനിൽനിന്ന് സംസ്ഥാനത്തിന്റെ മന്ത്രിക്കസേരയിലെത്തുന്ന ഒ.ആർ. കേളു എന്നും ‘മേലനങ്ങുന്ന’ പൊതുപ്രവർത്തകനാണ്. ദിവസവും രാവിലെ ആറുമുതൽ തോട്ടത്തിലിറങ്ങി എല്ലുമുറിയെ പണിയെടുക്കുന്ന നാട്ടുകാരുടെ കേളുവേട്ടൻ ഇനി കേരളത്തിന്റെ പട്ടികജാതി-വർഗ വികസന മന്ത്രി. എം.എൽ.എയായപ്പോഴും കൃഷിപ്പണിയെ കൈവിടാത്ത 56കാരന് മണ്ണും അധ്വാനവും വിട്ടൊരു ജീവിതമില്ല. ദിവസവും പശുക്കളെ പരിപാലിക്കുന്ന, പാൽ കറന്ന് സൊസൈറ്റിയിലെത്തിക്കുന്ന അടിമുടി സാധാരണക്കാരന്റെ ലളിതജീവിതം അദ്ദേഹത്തെ രാഷ്ട്രീയത്തിനതീതമായി പൊതുസമ്മതനാക്കി.
എം.എൽ.എയായ ശേഷവും തിരുവനന്തപുരത്തുനിന്ന് തിരിച്ചെത്തുന്ന ദിവസങ്ങളിൽപോലും മണ്ണിലിറങ്ങി ഒന്നു വിയർത്താലേ കേളുവേട്ടന് ഉറക്കം വരൂ. കോഴി വളർത്തൽ, മീൻ വളർത്തൽ, പച്ചക്കറികൃഷി, തോട്ടപ്പണികൾ തുടങ്ങി സകലതിലും സജീവം. സ്വന്തമായുണ്ടാക്കുന്ന പച്ചക്കറികൾ കഴിക്കണമെന്ന് നിർബന്ധം. കുടുംബത്തിനുള്ള പച്ചക്കറികളുണ്ടാക്കാൻ വീടിനോടു ചേർന്ന് പോളിഹൗസുമുണ്ട്. കുടുംബസ്വത്തായി കിട്ടിയ രണ്ടര ഏക്കറിലാണ് കൃഷി. അച്ഛൻ രാമനോടൊപ്പം വിറകുവെട്ടൽ, മരത്തിന്റെ ചോല വെട്ടൽ, മുളക് പറിക്കൽ തുടങ്ങിയ പണികളൊക്കെ ചെയ്യും. വിവിധ പ്രശ്നങ്ങളുമായി കാണാനെത്തുന്നവരോട് സംസാരിക്കുന്നതും കൃഷിത്തോട്ടത്തിൽനിന്ന്. പത്താംക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ആദിവാസി കുറിച്യ വിഭാഗക്കാരനാണ്.
1970ല്‍ ഓലഞ്ചേരി പുത്തന്‍മിറ്റം രാമന്-അമ്മു ദമ്പതികളുടെ മകനായി കാട്ടിക്കുളം മുള്ളന്‍കൊല്ലിയിലാണ് ജനനം. കാട്ടിക്കുളം സർക്കാർ ഹൈസ്കൂളിലെ പഠനത്തിനിടെ അവധി ദിവസങ്ങളില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കിലെ നിർമാണ തൊഴിലാളിയായി ദരിദ്രജീവിതത്തോട് പോരടിച്ചു. 1985 മുതല്‍ പനവല്ലിയിലെ സ്വകാര്യ തോട്ടങ്ങളില്‍ കൂലിപ്പണിക്കാരനായി. പയ്യമ്പള്ളി മൊടാംമറ്റം എസ്റ്റേറ്റിലും മരക്കൂപ്പിലും കുടകിലെ തോട്ടങ്ങളിലും കൂലിത്തൊഴിലാളിയായി. 1999 മുതല്‍ തൃശ്ശിലേരി സർക്കാർ നെയ്ത്തുകേന്ദ്രത്തിൽ ദിവസവേതനക്കാരനായി. അധ്വാനത്തോടൊപ്പം വായനയും ഇഷ്ടം. ഭാര്യ ശാന്ത വീട്ടമ്മയാണ്. മക്കളായ മിഥുന ബേഗൂര്‍ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസറും ഭാവന വിദ്യാര്‍ഥിനിയുമാണ്. അച്ചപ്പൻ, ലീല, ചന്ദ്രൻ എന്നിവർ സഹോദരങ്ങൾ.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ത്തില്‍ പഞ്ചായത്ത് അംഗമായാണ് പൊതുജീവിതം തുടങ്ങിയത്. 2005ലും 2010ലുമായി തുടര്‍ച്ചയായി 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായി. 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി. മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്പിച്ച് ആദ്യമായി മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എയായി. സി.പി.എം വയനാട് ജില്ല കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
വന്യജീവി ആക്രമണം, മുത്തങ്ങയിലെ രാത്രിയാത്ര നിരോധനം, ചികിത്സ രംഗത്തെ അപര്യാപ്തത, കാര്‍ഷികമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങി വയനാട് നേരിടുന്ന വിവിധ വിഷയങ്ങളാണ് ജില്ലയിൽനിന്നുള്ള പുതിയ മന്ത്രിയെന്ന നിലയിൽ ഒ.ആർ. കേളുവിനെ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.