കേളുവിന് േദവസ്വമില്ല, വകുപ്പ് പട്ടിക വിഭാഗം മാത്രം!
text_fieldsതിരുവനന്തപുരം: ലോക്സഭയിലേക്ക് കളം മാറിയ കെ. രാധാകൃഷ്ണന് പകരക്കാരനായി പിണറായി മന്ത്രിസഭയിലെത്തിയ ഒ.ആർ. കേളുവിന് ദേവസ്വം വകുപ്പിന്റെ ചുമതലയില്ല.
പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള മുതിർന്ന നേതാവും സി.പി.എം സംസ്ഥാന സമിതിയംഗവുമാണ് കേളു. എന്നാൽ, വകുപ്പ് ചുമതല നൽകിയപ്പോൾ കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്ത മൂന്നു വകുപ്പുകളിൽ പട്ടികജാതി-വർഗ വികസന വകുപ്പിന്റെ മാത്രം ചുമതലയാണ് കേളുവിന് ലഭിക്കുക. ദേവസ്വം വി.എൻ. വാസവനും പാർലമെന്ററികാര്യം എം.ബി. രാജേഷിനും നൽകാനാണ് തീരുമാനം.
നിലവില് സഹകരണ, തുറമുഖ വകുപ്പുകളുടെ ചുമതലയാണ് വാസവനുള്ളത്. തദ്ദേശസ്വയംഭരണം, എക്സൈസ് എന്നിവയാണ് എം.ബി. രാജേഷിന്റെ വകുപ്പുകൾ. പിന്നാക്ക വിഭാഗക്കാർക്ക് മന്ത്രിസഭയിൽ പ്രധാനവകുപ്പുകൾ ലഭിക്കുന്നില്ലെന്ന ആക്ഷേപം നേരത്തേയുള്ളതാണ്. പിണറായി മന്ത്രിസഭയിൽ മുതിർന്ന അംഗമായിരുന്നിട്ടുകൂടി കെ. രാധാകൃഷ്ണൻ പ്രധാന വകുപ്പുകളിലേക്ക് പരിഗണിക്കപ്പെട്ടില്ല. ആദ്യമായി എം.എൽ.എയായവർപോലും പ്രധാന വകുപ്പിൽ മന്ത്രിമാരായപ്പോൾ പിന്നാക്കക്കാരനെ പട്ടികജാതി-വർഗ വകുപ്പിൽ മാത്രമായി ഒതുക്കിയെന്ന ആക്ഷേപം അന്ന് ഉയരുകയും ചെയ്തു. പാർട്ടി തീരുമാനത്തിന് വിധേയമായി കെ. രാധാകൃഷ്ണൻ മന്ത്രിപദവി ഒഴിഞ്ഞതിനാൽ വന്ന പകരക്കാരന് ആ വകുപ്പുകൾ പോലുമില്ല. പാർലമെന്ററികാര്യം പോലൊരു വകുപ്പിൽ പരിചയസമ്പന്നർ വേണമെന്നതാണ് വകുപ്പ് എം.ബി രാജേഷിന് നൽകിയതിന് സി.പി.എം കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.
എന്നാൽ, ദേവസ്വം എടുത്തുമാറ്റിയതിന് വിശദീകരണമൊന്നുമില്ല. മന്ത്രിയായിരിക്കെ, ക്ഷേത്ര ചടങ്ങിൽ അയിത്തത്തിന് ഇരയായത് കെ. രാധാകൃഷ്ണൻ തുറന്നുപറഞ്ഞത് ചർച്ചയായിരുന്നു. മുന്നാക്ക സമുദായ സംഘടനകളുടെ അപ്രീതിക്ക് ഇടയാക്കിയ സംഭവത്തിനു പിന്നാലെയുള്ള മന്ത്രിസഭാ പുനഃസംഘടനയിൽ പട്ടികവിഭാഗത്തിൽനിന്നുള്ള മന്ത്രിക്ക് ദേവസ്വം വകുപ്പിന്റെ ചുമതല നഷ്ടപ്പെടുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈഴവ വോട്ടിലുള്ള ചോർച്ചയാണ് സി.പി.എമ്മിന്റെ തോൽവിയുടെ ആഘാതം കൂട്ടിയത്. ബി.ഡി.ജെ.എസ് വഴി ഈഴവ വോട്ടുകളിലേക്ക് ബി.ജെ.പി നുഴഞ്ഞുകയറിയെന്ന് സി.പി.എം വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് ഈഴവ വിഭാഗത്തിനുള്ള വി.എൻ വാസവന് ദേവസ്വം വകുപ്പിന്റെ അധികചുമതല ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.