കെ. രാധാകൃഷ്ണന് പകരം ഒ.ആർ. കേളു മന്ത്രി
text_fieldsതിരുവനന്തപുരം: ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണന് പകരക്കാരനായി മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു മന്ത്രിപദത്തിലേക്ക്. പട്ടികജാതി-വർഗ വികസന വകുപ്പിന്‍റെ ചുമതലയാകും കേളുവിന് ലഭിക്കുക. കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന മറ്റു രണ്ടു വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് വീതിച്ചുനൽകി.
ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററികാര്യം എം.ബി. രാജേഷിനും നൽകി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് വെള്ളിയാഴ്ച കേളു കൂടി അംഗമായ സംസ്ഥാന സമിതി അംഗീകാരം നല്‍കുകയായിരുന്നു.
പിണറായി മന്ത്രിസഭയിൽ വയനാട് ജില്ലയിൽനിന്നുള്ള ആദ്യപ്രതിനിധിയാണ് ഒ.ആർ. കേളു. വയനാട് ജില്ലയിൽനിന്ന് സി.പി.എം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് കുറിച്യ സമുദായാംഗമായ ഒ.ആർ. കേളു. പട്ടികജാതി-വർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാനും ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റുമാണ്.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ത്തില്‍ ഗ്രാമപഞ്ചായത്തംഗമായി. 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് നിയമസഭയിലെത്തി. 2021ലും വിജയം ആവർത്തിച്ചു.
രാമന്‍റെയും അമ്മുവിന്‍റെയും മകനായി 1970ലാണ് ഒ.ആർ. കേളുവിന്‍റെ ജനനം. അപ്പച്ചൻ, ലീല, ചന്ദ്രൻ എന്നിവരാണ് സഹോദരങ്ങൾ. പി.കെ. ശാന്തയാണ് ഭാര്യ. ബീറ്റ് ഫോറസ്റ്റ് ഓഫിസറായ സി.കെ. മിഥുന, വിദ്യാർഥിയായ സി.കെ. ഭാവന എന്നിവർ മക്കളാണ്.
സി.പി.എം കാട്ടിക്കുളം ലോക്കൽ കമ്മിറ്റി അംഗം, മാനന്തവാടി ഏരിയ കമ്മിറ്റി അംഗം, വയനാട് ജില്ലാ കമ്മിറ്റി അംഗം, വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ സെക്രട്ടറി പദവി വഹിച്ച കേളു ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് കേന്ദ്ര കമ്മിറ്റി അംഗമാണ്.
ആദിവാസി ക്ഷേമമാണ് ലക്ഷ്യം -ഒ.ആർ. കേളു
തിരുവനന്തപുരം: മന്ത്രിപദവി ഉത്തരവാദിത്വമുള്ള കാര്യമാണെന്നും പട്ടിക വിഭാഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്ന കാര്യത്തിൽ ഊന്നൽ നൽകുമെന്നും നിയുക്ത മന്ത്രി ഒ.ആർ. കേളു. വയനാട്ടിൽ ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങളും വന്യജീവി വിഷയവുമാണ് പ്രധാനം. ആദിവാസികൾ അഭിമുഖീകരിക്കുന്ന പൊതുവിഷയങ്ങളിൽ പരിഹാരത്തിന് ശ്രമിക്കുമെന്നും കേളു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.