വൈകരുത്; ഓരാടംപാലം-മാനത്തുമംഗലം ബൈപാസ്
text_fieldsഅങ്ങാടിപ്പുറം ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് കടന്നുപോവേണ്ട വലമ്പൂർ റെയിൽവേ ഏഴുകണ്ണിപ്പാലം. ഇതിനുമുകളിലെ റെയിൽവേ ലൈൻ അടിയിലാക്കിയാണ് ബൈപാസ് വരുക
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഓരാടംപാലത്തിന് സമീപം തുടങ്ങി പെരിന്തൽമണ്ണ മാനത്തുമംഗലത്ത് അവസാനിക്കുന്ന നിർദിഷ്ട ബൈപാസ് വേണോ വേണ്ടേ എന്ന് നോക്കാനാണ് ഒരുവർഷം മുമ്പ് കിഫ്ബി ഉദ്യോഗസ്ഥർ എത്തിയത്.
കിഫ്ബി എൻജിനീയർ സംഘത്തെ വിട്ട് 2022 ഒക്ടോബർ 29ന് പഴയ അലൈൻമെന്റും അത് കടന്നുപോവുന്ന പ്രദേശങ്ങളും പരിശോധിച്ചു. 250 മുതൽ 300 കോടിരൂപ വരെ ചെലവുവരുന്ന പദ്ധതി പരിശോധന വേളയിലും ഇപ്പോഴും സർക്കാറിന്റെയോ കിഫ്ബിയുടെയോ പരിഗണന പട്ടികയിൽ പോലുമില്ല. പുതുതായി ഭൂമി ഏറ്റെടുത്ത് നടത്തേണ്ടതാണ് 4.1 കി.മീ റോഡ് നിർമാണം.
വലമ്പൂർ ഏഴുകണ്ണിപ്പാലത്തിന് മുകളിലൂടെ കടന്നുപോവുന്ന റെയിൽവേ ട്രാക്കിന് മേൽഭാഗത്തുകൂടി റോഡ് കടത്തിവിടുന്ന രൂപരേഖയാണ് നിലവിലുള്ളത്. ഭൂനിരപ്പിൽനിന്ന് ഏഴുമീറ്റർ വരെ ഉയരത്തിലാണ് ഈ ഭാഗത്ത് റെയിൽവേ ലൈൻ. അതിനുമുകളിലൂടെ ഓവർബ്രിഡ്ജ് മാതൃകയിൽ റോഡ് കടത്തി വിടണം. ഫലത്തിൽ ഈ ഭാഗത്ത് കൃഷി സ്ഥലത്തുകൂടി റോഡ് കെട്ടിപ്പൊക്കുമ്പോൾ കൂറ്റൻ മതിലായി മാറും. റെയിൽവേ ലൈൻ തന്നെ പരമാവധി ഉയരത്തിലാണ്. ഇതിനെ അടിയിലാക്കി വേണം റോഡുണ്ടാക്കാൻ.
ഏക്കർ കണക്കിന് കൃഷിയിടം മണ്ണിട്ട് നികത്താതെ ഫ്ലൈ ഓവറായി പാത നിർമിക്കാനുള്ള സാധ്യതയും തേടി. കിഫ്ബി സി.ഇ.ഒ കെ.എം. അബ്രഹാമിന്റെ നിർദേശത്തെ തുടർന്നായിരുന്നു ഒക്ടോബർ 29ലെ ഭൂമി പരിശോധന. പദ്ധതി തുകയുടെ 25 ശതമാനം കിഫ്ബി വഹിക്കുകയും പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പൂർത്തിയാക്കി പിന്നീട് ചുങ്കം പിരിക്കുകയും ചെയ്യുന്നത് പരിഗണിക്കാമെന്ന് പറഞ്ഞാണ് കിഫ്ബി പ്രതിനിധികൾ പരിശോധനക്ക് എത്തിയത്. എന്നാൽ, നാലുകിലോമീറ്ററുള്ള ബൈപാസ് ഇത്തരത്തിൽ ചുങ്കം പിരിച്ചല്ല പൂർത്തിയാക്കേണ്ടതെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ ആദ്യമേ വ്യക്തമാക്കി. ആ നിർദേശത്തിനും ഇപ്പോൾ ചലനമില്ല. 4.1 കി.മീ നീളത്തിൽ പുതുതായി റോഡ് നിർമിക്കാൻ സർവേ പ്രകാരം സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കേണ്ടത് 36.12688 ഹെക്ടർ ഭൂമിയാണ്. അങ്ങാടിപ്പുറം വില്ലേജിൽ ഒരു സർവേ നമ്പറിലും പെരിന്തൽമണ്ണയിൽ 24 സർവേ നമ്പറിലും വലമ്പൂർ വില്ലേജിൽ 54 സർവേ നമ്പറിലുമുള്ള ഭൂമിയാണിത്. പദ്ധതിക്ക് ഇപ്പോഴും സർക്കാർ പൂർണ സമ്മതം മൂളിയിട്ടില്ല. കിഫ്ബി തയാറാക്കുന്ന അലൈൻമെന്റ് അംഗീകരിച്ച് ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതിക്ക് ജീവൻവെക്കൂ.
ഇതിനിടയിൽ 2021ൽ പദ്ധതി ചലിപ്പിക്കാൻ അന്നത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ശ്രമം നടത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് 2021 ജനുവരി 14ന് കലക്ടറേറ്റിൽ മന്ത്രിതല യോഗവും നടത്തി. സ്പീക്കർക്ക് പുറമെ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
പെരിന്തൽമണ്ണ, അങ്ങാടിപ്പുറം പട്ടണങ്ങളുടെ ഗതാഗത പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ 2009ൽ വിഭാവനം ചെയ്ത് 2010ൽ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് 10 കോടി അനുവദിച്ച് അലൈൻമെന്റ് അംഗീകരിച്ച് സർവേ നടപടി പൂർത്തീകരിച്ചതിനാൽ സർവേ കല്ലുകൾ നാട്ടി തുടങ്ങിയതാണെന്നും ഇനി ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കുകയേ വേണ്ടൂ എന്നുമാണ് യോഗത്തിലുണ്ടായ വിലയിരുത്തൽ. എന്നാൽ, ഈ അലൈൻമെന്റിനെതിരെ പരാതികളുയർന്നതിനാൽ മാറ്റം വരുത്തി അംഗീകാരം നേടിയ ശേഷം ഭൂമി ഏറ്റെടുക്കാമെന്നായി തീരുമാനം. ഒരാടംപാലത്തിന് സമീപം തുടങ്ങി മാനത്തുമംഗലത്ത് അവസാനിക്കുന്ന അലൈൻമെന്റിൽ ഒമ്പത് വീടുകൾ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ അലൈൻമെൻറിൽ മാറ്റം വരുത്തി മറ്റൊരു വഴി തേടിയാൽ കൂടുതൽ വീടുകളും തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭഗവതി കണ്ടമടക്കം കൃഷി ഭൂമിയും നഷ്ടപ്പെടുന്ന സ്ഥിതിവരും. നിശ്ചയിച്ച അലൈൻമെന്റ് പ്രകാരം ബൈപാസ് പ്രവൃത്തി നടത്താനും സാങ്കേതിക നടപടികൾ ഉടൻ പൂർത്തീകരിക്കാനും യോഗത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും, മന്ത്രി ജി. സുധാകരനും ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി.
ഭൂസർവേ നടപടിക്കുവരെ തീയതി കുറിച്ചാണ് യോഗം പിരിഞ്ഞത്. അതുപ്രകാരം അലൈൻമെന്റ് പ്രകാരമുള്ള ഭൂമിയുടെ രേഖകൾ ശേഖരിച്ച് ഭൂമി തിട്ടപ്പെടുത്തി. ഈ യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കാനുള്ളതായിരുന്നില്ലെന്ന് അതിൽ പങ്കെടുത്തവർക്കുതന്നെ ഏറക്കുറെ അറിയാമായിരുന്നു. എന്നാൽ, നാട്ടുകാർക്ക് അതറിയാൻ നിയമസഭ തെരഞ്ഞെടുപ്പുവരെ കാക്കേണ്ടി വന്നു. ഇടതുപക്ഷത്തിന് വിജയപ്രതീക്ഷയുണ്ടായിരുന്ന പെരിന്തൽമണ്ണ മണ്ഡലം തലനാരിഴക്ക് കൈവിട്ടതും ആഞ്ഞുപിടിച്ചാൽ ലഭിക്കുമായിരുന്ന മങ്കട മണ്ഡലത്തിൽ ദയനീയ പരാജയമേറ്റതും പദ്ധതി ഫയലിലുറങ്ങാൻ ഇടയാക്കി. ഇപ്പോഴും ഇതേ കാരണങ്ങൾ തന്നെയാണ് ഈ പദ്ധതിയോട് പുറം തിരിഞ്ഞ് നിൽക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നത്. പൊതുമരാമത്ത് മന്ത്രി ഇവിടെ എത്തിയപ്പോൾ പദ്ധതിയുടെ ആവശ്യകതയും ഭാവിയും ബോധ്യപ്പെട്ടതാണ്.
ചാത്തനല്ലൂർ റെയിൽവേ അണ്ടർ പാസിനും ശ്രമം
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിൽ മുങ്ങുമ്പോൾ ഏറാന്തോടുവഴി അങ്ങാടിപ്പുറത്തുനിന്ന് ചാത്തനല്ലൂർ റെയിൽവേ അണ്ടർഗ്രൗണ്ട് പാതയുണ്ടെങ്കിൽ നേരിയ ആശ്വാസമാവും.
നിലവിലെ ഈ വഴി തുറക്കണമെന്ന ആവശ്യം നിരന്തരം ഉയരുന്നുണ്ട്. ജൂലൈ അവസാനം ഇതിൽ റെയിൽവേ പരിശോധന നടത്തിയിരുന്നു. നിലവിൽ ഇതിനുസമീപമുള്ള പാത ഒന്നരവർഷം മുമ്പ് റെയിൽവേ അടച്ചിട്ടതാണ്. ചരക്കുവാഹനങ്ങളും മറ്റും കടന്നുപോവുന്നതിനാൽ റെയിൽവേയുടെ മുകൾഭിത്തിയിൽ തട്ടുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് വഴിയടച്ചിട്ടത്.
ഇത് തുറന്നുകിട്ടാൻ പഞ്ചായത്ത് പലവിധത്തിൽ ശ്രമിച്ചിരുന്നു.
നടക്കാതായതോടെയാണ് സമീപം പുതിയ പാത തുറക്കാൻ റെയിൽവേയെ സമീപിച്ചത്. ഏകദേശം 1.25 കോടി രൂപ ചെലവുവരും. അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കുണ്ടായാൽ എളുപ്പവഴിയായി പാത ഉപയോഗിക്കാം. എന്നാൽ, രണ്ടുഭാഗത്തുനിന്നും റോഡ് വന്ന് അവസാനിക്കുന്നത് അൽപം വ്യത്യാസത്തിലാണെന്ന അപാകത ചൂണ്ടിക്കാട്ടിയിരുന്നു.
പൂപ്പലം, മാനത്തുമംഗലം ഭാഗത്തുള്ളവർ അങ്ങാടിപ്പുറം ടൗണിലെത്തുന്നത് പെരിന്തൽമണ്ണയിലെത്തി ദേശീയപാത വഴിയാണ്. പാത തുറന്നാൽ പകുതി ദൂരം കൊണ്ട് തിരക്കില്ലാതെയെത്താം.
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.