പോളിങ് ഡ്യൂട്ടിക്ക് ‘ഓർഡറാ’യി; ഏകോപനച്ചുമതല തദ്ദേശതലത്തിൽ
text_fieldsപാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിങ് ഡ്യൂട്ടി നിശ്ചയിക്കാൻ ‘ഓർഡർ’ സോഫ്റ്റ്വെയർ തയാറായി. മുൻവർഷങ്ങളിൽ ജീവനക്കാരുടെ വിവര ശേഖരണവും പോളിങ് ഡ്യൂട്ടി ഓർഡർ ഉൾപ്പെടെ ഉത്തരവുകളുടെ കൈമാറലുകളും റവന്യൂ ഓഫിസ് തലത്തിലാണ് നടത്തിയിരുന്നതെങ്കിൽ ഇത്തവണ തദ്ദേശതലത്തിലാകും ഏകോപനം . ജീവനക്കാരുടെ വിവരശേഖരണവും ചുമതലപ്പെടുത്തലും ഉൾപ്പെടെ ‘ഓർഡർ’ പോർട്ടൽ വഴിയുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിന് തദ്ദേശസ്ഥാപനങ്ങളെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫിസർ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചു.
മുൻവർഷങ്ങളിൽ ജീവനക്കാരുടെ ലിസ്റ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിക്കുന്നതും അവ ജില്ലതലത്തിൽ ഡാറ്റാ എൻട്രി ചെയ്യുന്നതും വോട്ടിങ് ചുമതല ഉത്തരവുകൾ നൽകുന്നതും വില്ലേജ് ഓഫിസ് തലത്തിലായിരുന്നു. അത് മാറി പ്രാദേശിക സർക്കാറുകൾ എന്ന തലത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തമാണ് ഇപ്പോൾ ലഭിച്ചത്. സ്ഥാപനതലത്തിൽ ജീവനക്കാരുടെ വിവരം നൽകുന്നത് മുതൽ പോസ്റ്റിങ് ഓർഡർ വരെ നിരീക്ഷണച്ചുമതല തദ്ദേശ സെക്രട്ടറിക്കാകും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വ്യക്തമായ രേഖ അപ് ലോഡ് ചെയ്യേണ്ടതുണ്ട്. സ്ഥാപന മേധാവി, ജീവനക്കാരുടെ വിവരം നൽകിക്കഴിഞ്ഞാൽ പോർട്ടൽ വഴി തദ്ദേശവകുപ്പിന് വിവരങ്ങൾ വിലയിരുത്താം. ശേഷം സ്ഥാപനമേധാവികൾ ഓൺലൈനിലും ഓഫ്ലൈനിലും അവ കൈമാറണം. പൂർണലിസ്റ്റ് അംഗീകരിച്ച് ജില്ല കലക്ടർ പരിശീലന ഷെഡ്യൂൾ തയാറാക്കി ‘ഓർഡർ’ പോർട്ടലിൽ അപ് ലോഡ് ചെയ്യണം.
ശേഷം സോഫ്റ്റ് വെയർ സ്ഥാപന മേധാവികൾക്ക് ഡൗൺലോഡ് ചെയ്യാം. ഇവ ജീവനക്കാർക്ക് കൈമാറുകയും വേണം. ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ ജില്ല ഇലക്ഷൻ ഓഫിസർക്ക് (കലക്ടർ) അപ്പീൽ നൽകാൻ അവസരമുണ്ട്. ഒഴിവാക്കിയവരുടെ ലിസ്റ്റും അദ്ദേഹത്തിന് പരിശോധിച്ച് തീരുമാനമെടുക്കാമെന്നും പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.