സാംസ്കാരിക പ്രവർത്തനത്തിന് മുൻകൂർ അനുമതി വാങ്ങണമെന്ന് ഉത്തരവ്; വിവാദ സർക്കുലർ പിൻവലിച്ചു
text_fieldsതിരുവനന്തപുരം: അധ്യാപകർ ഉൾപ്പെടെ സർക്കാർ ജീവനക്കാർ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അനുമതി നേടണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ വിവാദമായി. സർക്കാറിെൻറ സെൻസറിങ് നീക്കമാണെന്ന് വിമർശനം ഉയർന്നതോടെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ട് സർക്കുലർ പിൻവലിച്ചു.
സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ പരിശോധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നത് ഉൾപ്പെടെ വിവാദ നിർദേശങ്ങൾ അടങ്ങിയതായിരുന്നു സർക്കുലർ.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്ക് വിധേയമായി കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ സമർപ്പിക്കുേമ്പാൾ പാലിക്കേണ്ട നിർദേശങ്ങൾ എന്ന പേരിലാണ് സർക്കുലർ. അപേക്ഷകൾ വിദ്യാഭ്യാസ ഉപഡയറക്ടർ മുഖാന്തരം മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. അപേക്ഷ പരിശോധിച്ച് ഉപഡയറക്ടർ വ്യക്തമായ ശിപാർശ നൽകണം.
സാഹിത്യസൃഷ്ടിയുടെ പകർപ്പ് സമർപ്പിക്കുകയും സാഹിത്യസൃഷ്ടി പ്രസിദ്ധീകരണയോഗ്യമാേണാ എന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും വേണം. അനുമതി ലഭിച്ചശേഷം മാത്രമേ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ പാടുള്ളൂവെന്നും സർക്കുലറിൽ പറയുന്നു.
സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരണയോഗ്യമാണോ എന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഏത് മാനദണ്ഡത്തിലാണ് പരിശോധിക്കുകയെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. സർക്കുലറിനെ ന്യായീകരിച്ച് ചില ഇടത് സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നതിന് പിന്നാലെയാണ് സർക്കാർ പിൻവലിച്ചത്.
സാംസ്കാരിക പ്രവർത്തനത്തിന് നിയന്ത്രണം ഉദ്ദേശിച്ചില്ല -മന്ത്രി
തിരുവനന്തപുരം: ജീവനക്കാരുടെ കലാ സാഹിത്യ സംസ്കാരിക പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ഉദ്ദേശ്യം സർക്കുലറിന് ഉണ്ടായിരുന്നില്ലെന്നും തെറ്റിദ്ധാരണ പരന്ന സാഹചര്യത്തിലാണ് പിൻവലിക്കുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അനുമതിക്കായി സമർപ്പിക്കപ്പെടുന്ന സാഹിത്യസൃഷ്ടിയുടെ സർഗാത്മകതയോ ഏതെങ്കിലും തരത്തിലുള്ള ഗുണമേന്മ പരിശോധനയോ വിദ്യാഭ്യാസ ഓഫിസർതലത്തിൽ നടത്തുമെന്നതല്ല സർക്കുലർ കൊണ്ട് ഉദ്ദേശിച്ചത്. സത്യപ്രസ്താവനയിൽ പറയുന്നതരത്തിൽ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ നിബന്ധനകൾക്ക് വിധേയമായി പരിശോധിക്കുക മാത്രമാണ് ഉദ്ദേശിച്ചത്.
ആശയക്കുഴപ്പമുണ്ടായ പശ്ചാത്തലത്തിലാണ് സർക്കുലർ പിൻവലിക്കാൻ നിർദേശം നൽകിയത്. കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.