സ്ഥിരനിക്ഷേപം: സഹകരണ സംഘങ്ങൾക്കെതിരെ ഉത്തരവ് സമ്പാദിക്കണം -ഹൈകോടതി
text_fieldsകൊച്ചി: സ്ഥിരനിക്ഷേപങ്ങൾ തിരികെ നൽകാത്ത സഹകരണ സംഘങ്ങൾക്കെതിരെ നിക്ഷേപകർ ആർബിട്രേഷൻ കേസ് ഫയൽ ചെയ്ത് ഉത്തരവ് സമ്പാദിക്കുകയാണ് വേണ്ടതെന്ന് ഹൈകോടതി. നിക്ഷേപങ്ങൾ തിരികെ നൽകാൻ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹകരണ സംഘങ്ങൾക്ക് സഹകരണ പുനരുദ്ധാരണ നിധിയെയോ നിക്ഷേപക ഗാരന്‍റി പദ്ധതിയെയോ ആശ്രയിക്കാമെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.
നിക്ഷേപങ്ങൾ തിരികെ നൽകുന്നതിൽ സഹകരണ സംഘങ്ങൾ വീഴ്ച വരുത്തിയെന്ന് പരാതിപ്പെട്ട് സമർപ്പിച്ച 160 ഓളം കേസ് തീർപ്പാക്കിയാണ് കോടതി ഉത്തരവ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നിക്ഷേപങ്ങൾ തിരികെ നൽകാനാവാത്ത സാഹചര്യമുണ്ടെന്ന് സഹകരണ സംഘങ്ങൾ കോടതി അറിയിച്ചിരുന്നു. സഹകരണനിയമ ഭേദഗതിയുടെ വെളിച്ചത്തിൽ സഹകരണ പുനരുദ്ധാരണ പദ്ധതി നിലവിൽവന്നതായി സർക്കാരിനുവേണ്ടി ഹാജരായ സ്പെഷൽ ഗവ. പ്ലീഡർ പി.പി. താജുദ്ദീൻ ബോധിപ്പിച്ചു. പുനരുദ്ധാരണ പദ്ധതിപ്രകാരം സഹകരണ സംഘങ്ങൾക്ക് സ്വയം പദ്ധതി തയാറാക്കി രജിസ്ട്രാർ മുഖേന ഉന്നതതല മേൽനോട്ട സമിതിക്ക് സമർപ്പിക്കാമെന്നും മേൽനോട്ട സമിതികളുടെ കർശന പരിശോധനക്കുശേഷം ഫണ്ട് അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് നിക്ഷേപങ്ങൾ തിരികെ നൽകാനാവാതെ വന്ന സഹകരണ സംഘങ്ങൾക്ക് സർക്കാർ കൊണ്ടുവന്ന ഭേദഗതി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം തേടാവുന്നതാണെന്ന് കോടതി നിർദേശിച്ചു. ഇതിനായി സഹകരണ സംഘങ്ങൾ ഒരു മാസത്തിനകം അപേക്ഷ സമർപ്പിക്കണമെന്നും ലഭിക്കുന്ന അപേക്ഷകളിൽ 45 ദിവസത്തിനകം ഉന്നതതല മേൽനോട്ട സമിതി പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പദ്ധതികളുടെ വഴി പണം ലഭിക്കാൻ കാലതാമസം വരുമെന്നും പണം തിരികെ നൽകാൻ പ്രത്യേക നിർദേശം നൽകണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷ നിലനിൽക്കുന്ന സമയത്തും സംഘങ്ങൾക്ക് നിക്ഷേപങ്ങൾ തിരികെ നൽകാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. നിക്ഷേപങ്ങൾ തിരികെ നൽകാൻ വീഴ്ച വരുത്തിയ സംഘങ്ങൾക്കെതിരെ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയതായും റിപ്പോർട്ടിന്മേൽ തുടർ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.