സ്റ്റുഡന്റ്സ് പൊലീസ് യൂണിഫോമിൽ ഹിജാബും ഫുൾസ്ലീവും അനുവദിക്കില്ലെന്ന് ഉത്തരവ്
text_fieldsതിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്.പി.സി) പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ. ജൻഡർ ന്യൂട്രൽ (ലിംഗ സമത്വമുള്ള) യൂനിഫോമാണ് കാഡറ്റുകളുടേതെന്നും അതിൽ മതപരമായ ഒരു ചിഹ്നവും അനുവദിക്കാനാകില്ലെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു.
ഹിജാബും മുഴുനീള കൈയുള്ള ഉടുപ്പും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എട്ടാം ക്ലാസ് വിദ്യാർഥിനിയായ കാഡറ്റ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. നിരവധി മുസ്ലിം വിദ്യാർഥികൾ എസ്.പി.സി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വിശദീകരിച്ചു.
സ്റ്റുഡന്റ് കാഡറ്റ് യൂനിഫോം ധരിച്ചുള്ള ഫോട്ടോ സ്കൂൾ വാട്സ്ആപ് ഗ്രൂപ്പിലേക്ക് അയക്കാൻ കുട്ടിയോട് അധ്യാപകർ നിർദേശിച്ചിരുന്നു. എന്നാൽ, യൂനിഫോമിനൊപ്പം ഹിജാബും മുഴുക്കൈനീളമുള്ള ഷർട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. ഇത് എസ്.പി.സി യൂനിഫോമല്ലെന്നും അനുവദിക്കാനാകില്ലെന്നും നിഷ്കർഷിച്ച വസ്ത്രംതന്നെ ധരിക്കണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു.
എന്നാൽ, ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് തന്റെ അവകാശമാണെന്നും താൻ മതപരമായ വസ്ത്രം ധരിക്കുന്നത് കൊണ്ട് സ്റ്റുഡന്റ് പൊലീസ് കാഡറ്റിന്റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ ഹനിക്കുന്നില്ലെന്നും കുട്ടി ഹരജിയിൽ പറയുന്നു.
എന്നാൽ കുട്ടികളിൽ അച്ചടക്കം, നിയമബോധം, പൗരത്വബോധം എന്നിവ വളർത്താനായി രൂപവത്കരിച്ച സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിയിൽ എന്തിനെക്കാൾ പ്രാധാന്യം രാജ്യത്തിനാണെന്നും കുട്ടികളിൽ മത, ജാതി, വംശ, ലിംഗ ഭേദമന്യേ ഒരുമയുണ്ടാക്കുകയാണ് ലക്ഷ്യമെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. പൊലീസിൽ ജാതിമതഭേദമന്യേ എല്ലാ ഉദ്യോഗസ്ഥർക്കും ഒരേ യൂനിഫോമാണ്. അവിടെ മതപരമായ ഒരു ചിഹ്നവും അനുവദനീയമല്ല.
അതേ സംവിധാനമാണ് സ്റ്റുഡന്റ് പൊലീസ് കാഡറ്റും പിന്തുടരുന്നത്. എൻ.സി.സി, സ്കൗട്ട് കാഡറ്റ് സംവിധാനത്തിലും സമാനരീതിയിൽ ഒരേ യൂനിഫോമാണ്. മതപരമായ ചിഹ്നങ്ങൾ അനുവദിക്കാറില്ല.
നിലവിൽ എസ്.പി.സി പരിശീലനം പൂർത്തിയാക്കിയതിൽ 50 ശതമാനം പേരും പെൺകുട്ടികളാണ്. ഇതിൽ മതം വേർതിരിച്ച് കണക്കാക്കിയിട്ടില്ല.
ഏതാണ്ട് 12 ശതമാനമെങ്കിലും പെൺകുട്ടികൾ മുസ്ലിം സമുദായത്തിൽ നിന്നായിരുന്നെന്നാണ് അനൗദ്യോഗിക കണക്കെന്നും സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.