യു.ജി.സിയുെട വ്യവസ്ഥ ലംഘിച്ചു; കാർഷിക സർവകലാശാലയിലെ കൂട്ട സ്ഥാനക്കയറ്റം റദ്ദാക്കാൻ ഉത്തരവ്
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയിലെ അധ്യാപകരുടെ കൂട്ട സ്ഥാനക്കയറ്റം മൂന്നുമാസത്തിനകം റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടു. യു.ജി.സി വ്യവസ്ഥ ലംഘിച്ച് അനർഹമായാണ് സ്ഥാനക്കയറ്റമെന്ന സംസ്ഥാന ധനകാര്യ പരിശോധന വിഭാഗത്തിന്റെയും നിലവിൽ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന കാർഷികോൽപാദന കമീഷണർ ഡോ. ബി. അശോക് അധ്യക്ഷനായ വിദഗ്ധ സമിതിയുടെയും റിപ്പോർട്ടുകൾ അംഗീകരിച്ച് അഗ്രികൾച്ചർ ഫാംസ് വകുപ്പാണ് ഉത്തരവിറക്കിയത്.
2014 മുതലുള്ള 300ലേറെ പേരുടെ അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റം 2010ലെ യു.ജി.സി വ്യവസ്ഥകൾ കർശനമായി പാലിച്ച് പുനഃപരിശോധിക്കാനാണ് സർക്കാർ നിർദേശം. മുൻ വൈസ് ചാൻസലർമാരായ ഡോ. പി. രാജേന്ദ്രൻ, ഡോ. ആർ. ചന്ദ്രബാബു എന്നിവരുടെ ഭരണകാലത്തെ സ്ഥാനക്കയറ്റങ്ങളിലാണ് സർക്കാർ സമിതികൾ ക്രമക്കേടുകൾ കണ്ടെത്തിയത്. അനർഹമായ സ്ഥാനക്കയറ്റങ്ങൾ സംസ്ഥാന ഖജനാവിന് 25 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാക്കിയതായാണ് വിലയിരുത്തൽ.
അനർഹമായ സ്ഥാനക്കയറ്റങ്ങളെ കുറിച്ച വെള്ളായണി കാർഷിക കോളജ് അധ്യാപകൻ ഡോ. കെ.ഡി. പ്രതാപന്റെ പരാതിയിൽ സംസ്ഥാന ധനകാര്യ പരിശോധന വിഭാഗം 2019 ജൂലൈയിൽ റിപ്പോർട്ട് നടത്തിയിരുന്നു. 2014ൽ കരിയർ അഡ്വാൻസ്മെന്റ് പ്രമോഷൻ (സി.എ.പി) വഴി 244 പേർക്ക് അസോ. പ്രഫസർ, പ്രഫസർ തസ്തികകളിലേക്ക് നൽകിയ സ്ഥാനക്കയറ്റം യു.ജി.സി ചട്ടം ലംഘിച്ചാണെന്നായിരുന്നു കണ്ടെത്തൽ. അഞ്ച് ഗുരുതര ക്രമക്കേടുകളാണ് ധനകാര്യ വിഭാഗം കണ്ടെത്തിയത്. റിപ്പോർട്ടിൽ നടപടിയില്ലാതിരുന്നതിനെ തുടർന്ന് ഡോ. പ്രതാപൻ ഹൈകോടതിയെ സമീപിച്ചു. എത്രയും വേഗം നടപടിയെടുക്കാൻ ഹൈകോടതി നിർദേശിച്ചെങ്കിലും ഫലമുണ്ടായില്ല. നടപടി വേഗത്തിലാക്കാൻ ഡോ. പ്രതാപൻ നൽകിയ ഹരജി ഇപ്പോൾ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.