ഹൈറിച്ചിന് പിന്നാലെ ഗിവ് എൻ ടേക്കിനും പിടിവീണു; സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്
text_fieldsതൃശൂർ: മണിചെയിൻ മോഡൽ തടിപ്പ് നടത്തിയ ഹൈറിച്ച് കമ്പനിക്ക് പിന്നാലെ തൃശുർ ആസ്ഥാനമായ ഗിവ് എൻ ടേക്ക് വേൾഡ് എന്ന സമാന രീതിയിലുള്ള കമ്പനിക്കെതിരെയും ബഡ്‌സ് ആക്ട് പ്രകാരം നടപടി. പ്രശാന്ത് പനച്ചിക്കല്‍ മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് (ഗിവ് എൻ ടേക്ക് വേൾഡ് (giveNtake world), ടി.എന്‍.ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്വത്ത് ബഡ്‌സ് ആക്ട് പ്രകാരം കണ്ടുകെട്ടാൻ ജില്ല കലക്ടർ ഉത്തരവിട്ടു.
അമിത പലിശ വാഗ്ദാനം, നിക്ഷേപം തിരികെ നല്‍കാതെ വഞ്ചിച്ചു
അമിത പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയും ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജപ്തി സ്ഥിരമാക്കാൻ ബന്ധപ്പെട്ട കോടതി മുഖേന ഹരജി ഫയല്‍ ചെയ്യാനും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
സ്വത്ത് വിവരം കണക്കാക്കാൻ സബ് രജിസ്ട്രാര്‍ ഓഫിസര്‍മാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്കും നിർദേശം
പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ വിശദ വിവരങ്ങൾ തയാറാക്കാൻ തഹസിൽദാർമാർക്കും വിൽപന നടപടികൾ മരവിപ്പിക്കാൻ സബ് രജിസ്ട്രാര്‍ ഓഫിസര്‍മാര്‍ക്കും അടിയന്തര നിർദേശം നൽകി. പ്രതികളുടെ പേരില്‍ ജില്ലയിലുള്ള വാഹനങ്ങളുടെ പട്ടിക തയാറാക്കി കലക്ടറേറ്റിലേക്കും ജില്ല പൊലീസ് മേധാവിക്കും കൈമാറാൻ തൃശൂര്‍ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിർദേശം നൽകി.
അക്കൗണ്ടും നിക്ഷേപങ്ങളും മരവിപ്പിക്കാൻ ലീഡ് ബാങ്കിന് ചുമതല
പ്രതികളുടെ പേരിലെ അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും മരവിപ്പിക്കാൻ നിർദേശം നൽകാൻ ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. തൃശൂര്‍ സിറ്റി, റൂറല്‍ ജില്ല പൊലീസ് മേധാവിമാര്‍, തൃശൂര്‍, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല. കണ്ടുകെട്ടല്‍ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി കലക്ടറേറ്റിൽ ലഭ്യമാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിങ്) ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഓണ്‍ലൈന്‍ മണി ചെയിന്‍ ബിസിനസ് നടത്തിയതിനാണ് ഗിവ് എൻ ടേക്ക് വേൾഡ് എന്ന സ്ഥാപനത്തിനെതിരായ നടപടി.
ഹൈറിച്ച് തട്ടിപ്പ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക.
ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് മുൻകൂർ ജാമ്യം തേടിയത്. ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. സമാനസ്വഭാവമുള്ള 19 കേസിൽക്കൂടി ഇവർ പ്രതികളാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിൽ മൂന്നു കേസിൽ വിചാരണ പൂർത്തിയാക്കി ഇവരെ കോടതി ശിക്ഷിച്ചിട്ടുണ്ട്.
ഇവർക്കായി ഇ.ഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. മണിചെയിൻ തട്ടിപ്പിൽ 1693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ ഇവർ സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് വ്യക്തമാക്കിയാണ് നടപടി.
ഒ.ടി.ടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്ന് വ്യാമോഹിപ്പിച്ചും പ്രതികൾ 1157 കോടിയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. 127 കോടിയുടെ നികുതി വെട്ടിച്ചതിന് ജി.എസ്.ടി ഇന്‍റലിജൻസ് വിഭാഗവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ കണ്ടെത്തിയ 212 കോടിയുടെ സ്വത്ത് മാത്രമാണ് ഇ.ഡിക്ക് മരവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്.
ഹൈറിച്ച് കേസ് റദ്ദാക്കണമെന്ന ഹരജി 12ലേക്ക് മാറ്റി
കൊച്ചി: ബഡ്സ് ആക്ടിന്റെ അടിസ്ഥാനത്തിൽ ചേർപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ഹൈറിച്ച് ഉടമകളുടെ ഹരജി ഹൈകോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. സാങ്കൽപിക ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാരോപിച്ച് തൃശൂർ ആസ്ഥാനമായ ഹൈറിച്ച് ഓൺലൈൻ ഷോപി പ്രൈവറ്റ് ലിമിറ്റഡ് ഉടമകളായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് 12ലേക്ക് മാറ്റിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇ.ഡി തങ്ങളുടെ പിന്നാലെയാണെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.