വയനാട്ടിൽ ഏഴു റിസോർട്ടുകൾ പൊളിച്ചുനീക്കാൻ ഉത്തരവ്
text_fieldsകൽപറ്റ: അമ്പുകുത്തി, എടക്കൽ മലനിരകളിലെ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾ പൊളിച്ചുനീക്കാൻ ഉത്തരവ്. മാനന്തവാടി സബ് കലക്ടർ ആണ് ഉത്തരവ് ഇറക്കിയത്. സുൽത്താൻ ബത്തേരി തഹസിൽദാറുടെ നേതൃത്വലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മേഖലയിലെ ഏഴ് റിസോർട്ടുകൾക്കെതിരേയാണ് നടപടി.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ജില്ല വികസന സമിതി യോഗത്തിൽ ചർച്ചയായതിന് പിന്നാലെ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുൽത്താൻബത്തേരി തഹസിൽദാർ, ജില്ല ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, ജില്ല സോയിൽ കൺസർവേഷൻ ഓഫിസർ, മൈനിങ് ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു.
ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിലാണ് ഉരുൾപൊട്ടൽ സാധ്യത മേഖലകളിലും ഉയർന്ന അപകട മേഖലയുടെ 500 മീറ്റർ ബഫർ സോണിലുമാണ് റിസോർട്ടുകൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. സ്വാഭാവിക നീരുറവയടക്കം തടസപ്പെടുത്തി കുളങ്ങൾ നിർമിച്ചതായും പരിശോധനയിൽ വ്യക്തമായിരുന്നു. ഉരുൾപൊട്ടൽ അപകടങ്ങൾ ഉണ്ടായാൽ ഈ കുളങ്ങൾ താഴ് വാരത്തെ കുടുംബങ്ങൾക്ക് ഭീഷണിയാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഈ മാസം ഒമ്പതിനാണ് തഹസിൽദാർ സബ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. ഉത്തരവ് തിയതി മുതൽ 15 ദിവസത്തിനകം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് ജില്ല ജിയോളജിസ്റ്റിക് നേതൃത്വത്തിൽ നിർമാണങ്ങൾ പൊളിച്ചു നീക്കി ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും സബ് കലക്ടർ മിസാൽ സാഗർ ഭരതിന്റെ ഉത്തരവിൽ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.