വാഗമണിലെ 55 ഏക്കർ കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവ്
text_fieldsതൊടുപുഴ: വാഗമണിലെ വൻ കൈയേറ്റം ഒഴിപ്പിക്കാൻ ജില്ല കലക്ടർ ഉത്തരവിട്ടു. റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫനും പിതാവ് സ്റ്റീഫനും ചേർന്ന് കോടികൾ വിലമതിക്കുന്ന 55 ഏക്കർ സ്വന്തമാക്കുകയായിരുന്നു. തുടർന്ന്, 1994 കാലഘട്ടത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈയേറ്റ ഭൂമിക്ക് പട്ടയമുണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ട്. മുഴുവൻ ഭൂമിക്കും പട്ടയം തരപ്പെടുത്തിയശേഷം പലർക്കായി റിസോർട്ട് നിർമാണത്തിന് മുറിച്ചുവിൽക്കുകയായിരുന്നു.
ഇവിടെയിപ്പോഴുള്ളത് ഒട്ടേറെ റിസോർട്ടുകളാണ്. ജോളി സ്റ്റീഫെൻറ മുൻ ഭാര്യ ഷേർളി മറ്റൊരു സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നപ്പോഴാണ് കൈയേറ്റം പുറത്തായത്.
കൈയേറിയ ഭൂമിക്ക് പട്ടയമുണ്ടാക്കാനും മറ്റും ജോളി സ്റ്റീഫന് ഒത്താശ ചെയ്തത് അന്നത്തെ പീരുമേട് താലൂക്കിലെയും വാഗമൺ വില്ലേജിെലയും ഉദ്യോഗസ്ഥരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 55 ഏക്കർ ഉൾപ്പെട്ട 12 പട്ടയങ്ങളും മുഴുവൻ ആധാരങ്ങൾ റദ്ദാക്കാനാണ് കലക്ടർ ഉത്തരവിട്ടത്.
ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണമോ വിജിലൻസ് അന്വേഷണമോ നടത്തണമെന്നും ജില്ല കലക്ടറുടെ റിപ്പോർട്ടിലുണ്ട്. കൈയേറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.