ഇലവീഴാപൂഞ്ചിറയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ഉത്തരവ്
text_fieldsകോഴിക്കോട് : കോട്ടയം ജില്ലയിലെ മീനച്ചൽ താലൂക്കിലെ വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഉൾപ്പെടെയുള്ള പ്രദേശത്തെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ഉത്തരവ്. സർക്കാർ പുറമ്പോക്കിൽനിന്ന് കൈയേറ്റക്കാരെ ഉടനടി ഒഴിപ്പിച്ച് മേലുകാവ്, മൂന്നിലവ്, രാമപുരം എന്നീ വില്ലേജുകളിലെ സർക്കാർ ഭൂമി സംരക്ഷിക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണർ അടിയന്തിര നടപടി സ്വീകരിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിന്റെ ഉത്തരവ്.
മീനച്ചൽ തഹീദാരുടെ 2011ലെ നടപടി ക്രമം റദ്ദ് ചെയ്ത് വില്ലേജുകളിൽ വിതരണം ചെയ്ത മുഴുവൻ മിച്ചഭൂമിയിലും സർക്കാർ പുറമ്പോക്കിലും അടിയന്തിരമായി സർവേ നടത്താനാണ് നിർദേശം. ഭൂമിയുടെ അതിർത്തികൾ നിർണയിച്ച് സർവേ നമ്പരുകൾ പരിശോധിച്ച് വ്യക്തത വരുത്തി അവകാശികളെ പുനർനിർണയിച്ച് റവന്യൂ രേഖകൾ നൽകാൻ സവർവേ ഡയറക്ടറെയും ലാൻഡ് റവന്യൂ കമ്മീഷണറെയും ചുമതലപ്പെടുത്തി.
സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്ന പരാതിയിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ സർമിപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2011ലെ തഹസിൽദാരുടെ നടപടി റദ്ദ് ചെയ്ത് റവന്യൂവകുപ്പ് 2015ൽ ഉത്തരവിട്ടിരുന്നു. എന്നാൽ, അതിനെതിരെ സി.ജെ.ജോസഫ് കോടതിയിൽ ഹരജി നൽകി. കോടതി നിർദേശ പ്രകാരം ഏപ്രിൽ 22ന് പരാതിക്കാരനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സർക്കാർ നേരിൽ കേട്ടു.
തർക്കമുള്ള ഭൂമിയുൾപ്പെട്ട പട്ടയം നൽകിയ സ്ഥലം കോട്ടയം-ഇടുക്കി ജില്ലാതിർത്തി പ്രദേശത്താണെന്നും അവിടെ പാറമാർക്കുകൾ വളരെ അകലെയാണെന്നും അതിനാൽ സർവെയറുടെ സഹായത്തോടെ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ടോട്ടൽ സ്റ്റേഷൻ സർവേ നടത്തണമെന്നും ലാൻഡ് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.
മേലുകാവ് വില്ലേജിലെ 1093,1094, 1092, 1095, 1163,1122 എന്നീ പഴയ സർവേ നമ്പറിൽനിന്നും നേരത്തെ മിച്ചഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും സ്ഥലം കൃത്യമായി സർവേ ചെയ്യണമെന്നും ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥരും അറിയിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഒരുമാസിത്തിനകം നടപടി സ്വീകരിക്കണമെന്ന് ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.