ആലപ്പുഴ മുൻ കലക്ടർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി
text_fieldsകൊച്ചി: 2012ലെ നെഹ്റു ട്രോഫി വള്ളംകളിയുടെ സ്പോൺസർഷിപ്പിന്റെ കമീഷൻ തുക നിഷേധിച്ചെന്ന പരാതിയിൽ ആലപ്പുഴ മുൻ കലക്ടർ പി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനുള്ള ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. വേണുഗോപാലിന്റെയും മറ്റും ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
വള്ളംകളി നടത്തിപ്പ് ചുമതലയുള്ള, ആലപ്പുഴ കലക്ടർ ചെയർമാനായ നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സ്പോൺസർഷിപ്പിലൂടെയാണ് ഫണ്ട് കണ്ടെത്തുന്നത്. 2012ൽ വിസ്മയ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിനായിരുന്നു മാർക്കറ്റിങ് കരാർ. സ്പോൺസർമാരെ കണ്ടെത്തിയാൽ നാലുകോടി വരെ 10 ശതമാനം കമീഷനും അതിനുമുകളിൽ 25 ശതമാനം കമീഷനും നൽകുമെന്ന് കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു.
എന്നാൽ, പി.എ.സി.എൽ എന്ന കമ്പനി വിസ്മയയുടെ ഇടപെടലില്ലാതെ നാലുകോടി രൂപ സ്പോൺസർ ചെയ്തു. ഇതിന്റെ കമീഷൻ നൽകാത്തത് കരാർ ലംഘനമാണെന്ന വിസ്മയയുടെ പരാതിയിലാണ് കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഹരജിക്കാർക്കെതിരെ സിവിൽ നടപടിക്ക് പകരം ക്രിമിനൽ നടപടിയെടുത്തത് ചട്ടങ്ങളുടെ ദുരുപയോഗമാണെന്ന് വിലയിരുത്തിയ ഹൈകോടതി, മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.