കക്കയത്ത് കർഷകനെ കൊന്ന കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്
text_fieldsകോഴിക്കോട്: കക്കയത്ത് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്. മയക്കു വെടിവെച്ച് പിടികൂടാനായില്ലെങ്കിൽ മാർഗ നിർദേശം പാലിച്ച് കൊല്ലാനാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) ഉത്തരവിട്ടത്. പാലാട്ട് അബ്രഹാം (അവറാച്ചൻ- 68) ആണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചത്.
കർഷകന്റെ മരണത്തിൽ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ എബ്രാഹമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് തടഞ്ഞു. കലക്ടറുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച കക്കയം ടൗണിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ് സംഭവം. കൊക്കോ പറിക്കുന്നതിനിടെയാണ് കർഷകനെ കാട്ടുപോത്ത് പിന്നിൽനിന്ന് ആക്രമിച്ചത്. നിലവിളികേട്ട് ഓടിയെത്തിയ അയൽവാസി കൊച്ചുപുരയിൽ അമ്മിണിയാണ് രക്തത്തിൽ കുളിച്ച് അബ്രഹാമിനെ കണ്ടത്. നാട്ടുകാരെത്തി ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.