സംസ്ഥാനത്ത് ബാറുകൾ തുറക്കാൻ ഉത്തരവ്; ക്ലബ്ബുകളിലും മദ്യം വിളമ്പാം
text_fieldsതിരുവനന്തപുരം: ഒമ്പതു മാസമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ബാറുകൾ ചൊവ്വാഴ്ച തുറക്കും. കള്ളുഷാപ്പുകളും ബിയർ, വൈൻ പാർലറുകളും തുറക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് തിങ്കളാഴ്ച രാത്രിയോടെ പുറത്തിറങ്ങി. ബിവറേജസ് കോർപറേഷൻ, കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകൾ രാവിലെ 10 മണി മുതൽ രാത്രി ഒമ്പതു മണി വരെ പ്രവർത്തിക്കാനും അനുമതി നൽകി. ക്ലബുകളിൽ മദ്യം വിളമ്പാനും വിമാത്താവളങ്ങളിലെ ഒൗട്ട്ലെറ്റുകൾ വഴി മദ്യ വിൽപനക്കും അനുമതി നൽകിയിട്ടുണ്ട്.
ബാറുകൾ തുറക്കാനുള്ള എക്സൈസ് വകുപ്പിെൻറ ഫയൽ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറ പരിഗണനക്കായി കൈമാറിയിരുന്നു. ഫയൽ മുഖ്യമന്ത്രി അംഗീകരിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുമ്പായി സംസ്ഥാനത്തെ ബാറുകൾ തുറക്കണമെന്ന ആവശ്യവുമായി ബാറുടമകൾ നേരത്തേ എക്സൈസ് വകുപ്പിനെ സമീപിച്ചിരുന്നു.
മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബാറുകളും അടച്ചത്. പിന്നീട്, ബാറുകൾ, ഒൗട്ട്ലെറ്റുകൾ വഴി പാർസൽ വിതരണം മാത്രമാണ് ഉണ്ടായിരുന്നത്. ബെവ്ക്യൂ ആപ് വഴിയുള്ള മദ്യവിതരണം ഏറെ ആരോപണങ്ങൾക്കും കാരണമായിരുന്നു. ബാറുകൾക്ക് ലാഭമുണ്ടാക്കുന്ന നിലയിലാണ് ബെവ്ക്യൂ ആപ് തയാറാക്കിയതെന്നായിരുന്നു ആക്ഷേപം. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാറുകൾ തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും കേരളത്തിൽ ബാറുകൾ തുറന്നിരുന്നില്ല. പിന്നീട്, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുമ്പ് ബാറുകൾ തുറക്കാനുള്ള നീക്കം നടന്നെങ്കിലും മുഖ്യമന്ത്രി തടഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇന്നുമുതൽ ബാറുകൾ തുറക്കുക. ബെവ്ക്യൂ ആപ് വഴിയുള്ള പാർസൽ മദ്യവിതരണം ഇതോടെ നിർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.