2022ൽ വിരമിച്ചയാൾക്ക് ഉയർന്ന ഇ.പി.എഫ് പെൻഷനും കുടിശ്ശികയും നൽകാൻ ഉത്തരവ്
text_fieldsകൊച്ചി: 2022ൽ വിരമിച്ചയാൾക്ക് അതിനനുസൃതമായ പെൻഷൻ സ്കീം അനുസരിച്ച് കണക്കാക്കിയ ഉയർന്ന പെൻഷനും കുടിശ്ശിക തുകയും നൽകാൻ ഹൈകോടതി ഉത്തരവ്.
ഉയർന്ന ഇ.പി.എഫ് പെൻഷന് ഓപ്ഷൻ നൽകി പെൻഷൻ ഫണ്ടിലേക്ക് കൂടുതൽ തുക അടച്ചവർക്കും പ്രോറേറ്റ പ്രകാരം പെൻഷൻ അനുവദിക്കാനുള്ള നീക്കം ചോദ്യം ചെയ്ത് ഹരജി നൽകിയ തിരുവനന്തപുരം സ്വദേശി വി.ആർ. ബാലുവിന് ഈ തുക നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. ഹരജിയിലെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന ഉപാധിയോടെയാണ് ഇടക്കാല ഉത്തരവ്.
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചറൽ ഡെവലപ്മെന്റ് കോർപറേഷനിൽനിന്ന് വിരമിച്ച ഹരജിക്കാരന് പെൻഷൻ സ്കീം അനുസരിച്ച് പ്രതിമാസം എത്രരൂപ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന് അറിയിക്കാൻ ഇ.പി.എഫ്.ഒയോട് നേരത്തേ നിർദേശിച്ചിരുന്നു. അതനുസരിച്ച് ഹരജിക്കാരന് പ്രതിമാസം 35,594 രൂപ ഉയർന്ന പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന് ഇ.പി.എഫ്.ഒ അറിയിച്ചിരുന്നു.
2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവർക്കും പ്രോറേറ്റ പ്രകാരം പി.എഫ് പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു ഇ.പി.എഫിന്റെ സർക്കുലർ. പെൻഷൻ സ്കീം അനുസരിച്ച് 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവർക്ക് അവസാന 60 മാസം ലഭിച്ച ശമ്പളത്തിന്റെ ശരാശരി കണക്കിലെടുത്താണ് പെൻഷൻ അനുവദിക്കുന്നത്. ഇതിനുമുമ്പ് വിരമിച്ചവർക്ക് പ്രോറേറ്റ പ്രകാരമുള്ള പെൻഷനേ ലഭിക്കൂ.
ഉയർന്ന പെൻഷനായി ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് അടച്ചവരുടെ പെൻഷനും പ്രോറേറ്റ പ്രകാരമായാൽ കുറഞ്ഞ തുകയേ പെൻഷനായി ലഭിക്കൂവെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഉയർന്ന പി.എഫ് പെൻഷനായി 28.29 ലക്ഷം രൂപ പെൻഷൻ ഫണ്ടിലേക്ക് അധികമായി അടച്ചാൽ ഹരജിക്കാരന് പ്രതിമാസം 35,594 രൂപ പെൻഷനായി ലഭിക്കുമെന്നാണ് ഇ.പി.എഫ് ഓർഗനൈസേഷൻ അറിയിച്ചത്.
ഹരജിക്കാരൻ പി.എഫിൽ ചേർന്നത് 1986 ജനുവരി ആറിനാണ്. കാലാവധി പൂർത്തിയായത് 2022 ഫെബ്രുവരി 16ഉം പി.എഫ് പെൻഷൻ നിശ്ചയിക്കുന്നതിന് കണക്കാക്കിയ അവസാന 60 മാസത്തെ ശരാശരി ശമ്പളം 1,18,642 രൂപയുമാണ്. നിലവിൽ ലഭിക്കുന്ന പെൻഷൻ 3921 രൂപയാണെങ്കിലും 28.29 ലക്ഷം രൂപ കൂടി അടച്ചാൽ പ്രതിമാസം 31,673 രൂപയാണ് അധികമായി ലഭിക്കുന്നത്.
ഇതുവരെയുള്ള പെൻഷൻ കുടിശ്ശികയായി 7,74,933 രൂപ ലഭിക്കും. ഹരജിക്കാരന് 80 വയസ്സുവരെ ജീവിച്ചിരുന്നാൽ 2024 മാർച്ച് മുതൽ 2044 ഫെബ്രുവരി വരെ ശരാശരി 76 ലക്ഷത്തിലധികം രൂപ പെൻഷനായി ലഭിക്കും. അംഗം മരിച്ചാൽ പകുതി വീതമാകും ഭാര്യക്ക് കിട്ടുകയെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. തുടർന്ന് ഹരജി ഏപ്രിൽ രണ്ടിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.