മായം കലർന്ന വെളിച്ചെണ്ണ വിറ്റ കേസിൽ ഒരു ലക്ഷം രൂപ പിഴ അടയ്ക്കാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന കേരള സ്‌റ്റേഷനറി എന്ന സ്ഥപനത്തിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിൽപ്പന നടത്തിയ കേസിൽ ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനുള്ള വിധി ശരിവെച്ച് ഭക്ഷ്യസുരക്ഷാ ട്രൈബ്യുണലിന്‍റെ ഉത്തരവ്. സ്ഥപനത്തിൽനിന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥൻ വെളിച്ചെണ്ണ പിടിച്ചെടുത്തിരുന്നു. സാമ്പിൾ പരിശോധിച്ചതിൽ വെളിച്ചെണ്ണ ഗുണനിലവാരം ഇല്ലാത്തതാണെന്ന് കണ്ടെത്തി.
ഇത് വിതരണം ചെയ്‌ത സ്ഥാപനത്തെയും ഉൽപ്പാദക കമ്പനിയെയും തലശ്ശേരി അഡ് ജൂഡിക്കേഷൻ ഓഫിസർ എസ്. ചന്ദ്രശേഖരൻ ശിക്ഷിച്ചിരുന്നു. തുടർന്ന് നടന്ന വിചാരണയിൽ കേരള സ്‌റ്റേഷനറിക്ക് 5000 രൂപ പിഴയും വെളിച്ചെണ്ണ ഉൽപ്പാദക കമ്പനിയായ ബി.കെ ട്രേഡേഴ്‌സ് ഉടമ ബാലകൃഷ്ണപിള്ളക്ക് ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും അഡ് ജൂഡിക്കേഷൻ ഓഫിസർ ഉത്തരവിട്ടു.
ഈ ഉത്തരവിനെതിരെയാണ് ബി.കെ ട്രേഡേഴ്‌സ് ഉടമ ബാലകൃഷ്ണപിള്ള അപ്പീൽ ഫയൽ ചെയ്‍തത്. മായം കലർന്ന വെളിച്ചെണ്ണ വിൽക്കുന്ന സമയത്ത് വെളിച്ചെണ്ണ ഉൽപാദിപ്പിക്കാൻ ഇയാൾക്ക് ലൈസെൻസ് ഇല്ലായെന്നും പീവീസ് പുന്നാട് എന്ന സ്ഥാപനമാണ് വെളിച്ചെണ്ണ തന്‍റെ കമ്പനിയിൽ നൽകിയിരുന്നത് എന്നുമായിരുന്നു അപ്പീൽ കോടതിയിൽ പറഞ്ഞത്.
എന്നാൽ, ഫുഡ് സേഫ്റ്റി നിയമം അനുസരിച്ച് റീപാക്ക് ചെയ്യുന്നവർക്കും ഉൽപ്പാദകർക്കുള്ള ബാധ്യത തന്നെയെന്ന് അഡീ. ഗവൺമെന്‍റ് പ്ലീഡർ വാദിച്ചു. ഈ വാദം പരിഗണിച്ചാണ് ഭക്ഷ്യസുരക്ഷാ ട്രൈബ്യുണൽ അഡ് ജൂഡിക്കേഷൻ ഓഫിസറുടെ ഉത്തരവ് ശരിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.