വഖഫ് സ്വത്ത് സ്വകാര്യ ട്രസ്റ്റിന് നല്‍കിയത് തിരിച്ചുപിടിക്കാന്‍ ഉത്തരവ്
text_fieldsകൽപറ്റ: കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കള്‍ സ്വകാര്യ ട്രസ്റ്റിന് ഇഷ്ടദാനം നല്‍കിയ നടപടി റദ്ദാക്കി കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍. മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഅസ്സസതു നൂരില്‍ ഹുദല്‍ ഇസ്‍ലാമിയ്യയുടെ (നൂറുല്‍ഹുദ ഇസ്‍ലാമിക് ഫൗണ്ടേഷന്‍) പേരില്‍ വഖഫ് ചെയ്ത സ്വത്തുക്കള്‍ സ്വകാര്യ ട്രസ്റ്റിന് ഇഷ്ടദാനം നല്‍കിയ കേസിലാണ് വിധിയെന്ന് ഭാരവാഹികൾ അറിയിച്ചു.
മുഅസ്സസ ജനറല്‍ സെക്രട്ടറിയായിരുന്ന കെ. മമ്മൂട്ടി മുസ്‍ലിയാര്‍ മകനെയും സഹോദരനെയും അടുത്ത ബന്ധുക്കളെയും ഉള്‍പ്പെടുത്തി രൂപവത്കരിച്ച ട്രസ്റ്റിന് കമ്മിറ്റിയോ വഖഫ് ബോര്‍ഡോ അറിയാതെ സ്വത്തുവകകള്‍ കൈമാറിയെന്നായിരുന്നു പരാതി. ഇതിനെതിരെ മുഅസ്സസ ഭാരവാഹികളായ കെ. അന്ത്രു, എം. മുഹമ്മദലി മാസ്റ്റര്‍ എന്നിവരാണ് വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഇഷ്ടദാനം നല്‍കിയ സ്വത്തുക്കള്‍ വഖഫ് ബോര്‍ഡ് മുഖേന തിരിച്ചുപിടിക്കാന്‍ അധികാരം നല്‍കിക്കൊണ്ടാണ് ട്രൈബ്യൂണല്‍ ഉത്തരവ്. ഇഷ്ടദാനാധാരം റദ്ദാക്കിയ വിവരം മാനന്തവാടി സബ് രജിസ്ട്രാറെ അറിയിക്കാനും നിര്‍ദേശം നല്‍കി. ജില്ല ജഡ്ജി രാജന്‍ തട്ടില്‍ ചെയര്‍മാനും ടി.കെ. ഹസന്‍, എം. ഹാഷില്‍ എന്നിവര്‍ അംഗങ്ങളുമായ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റേതാണ് വിധി.
വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്ത മാനന്തവാടിയിലെ മസ്ജിദുന്നൂറിന്റെ പരിപാലനത്തിനു വേണ്ടി രൂപവത്കരിച്ച മുഅസ്സസ കമ്മറ്റിയുടെ കീഴില്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പിന്നീട് നല്ലൂര്‍നാട് വില്ലേജിലെ നാലാം മൈലില്‍ 2.32 ഏക്കര്‍ സ്ഥലം വഖഫായി വാങ്ങി അവിടേക്ക് മാറ്റി. ഈ സ്‌കൂളും സ്ഥലവുമാണ് മോഡേണ്‍ എജുക്കേഷനല്‍ ട്രസ്റ്റ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ ട്രസ്റ്റിന് ഇഷ്ടദാനമായി നല്‍കിയത്. കൈമാറിയ സ്വത്ത് വഖഫ് അല്ലെന്നായിരുന്നു മമ്മൂട്ടി മുസ്‍ലിയാരുടെ വാദം. എന്നാല്‍ 6635/ആര്‍.എ നമ്പറിലായി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മസ്ജിദുന്നൂറിന് വേണ്ടിയാണ് സ്ഥലം വാങ്ങുന്നതെന്ന കാര്യം രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. പരാതിക്കാർക്കുവേണ്ടി അഡ്വ. ബാബു കറുകപ്പാടത്ത്, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, അഡ്വ. സി.വി. നൂര്‍ജഹാന്‍, അഡ്വ. മുശ്താഖ് മുഫ്തിഖര്‍ എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.