ഓർഡിനറികളും സ്വിഫ്റ്റിന് കീഴിലേക്ക്
text_fieldsതിരുവനന്തപുരം: സിറ്റി സർക്കുലർ സർവിസിനായി വാങ്ങുന്ന ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിന് കീഴിലാവുന്നതോടെ ദീർഘദൂര സർവിസുകൾക്കൊപ്പം ഓർഡിനറി സർവിസുകളും സ്വിഫ്റ്റിന് കീഴിലാകും. നിലവിൽ ഓർഡിനറി സർവിസുകളായി ഓപറേറ്റ് ചെയ്യുന്ന സിറ്റി സർക്കുലറുകൾ കെ.എസ്.ആർ.ടി.സിക്ക് കീഴിലാണ്. പഴയ ജനുറം ബസുകളാണ് ഇതിനുപയോഗിക്കുന്നത്. ഇനി സ്വിഫ്റ്റിന് കീഴിലെ ഇ-ബസുകളാകും സിറ്റി സർക്കുലറുകളായി ഓടുക. ദീർഘദൂര സർവിസുകൾ മാത്രം കൈകാര്യം ചെയ്യാനാണ് സ്വിഫ്റ്റ് രൂപവത്കരിച്ചതെന്നാണ് സർക്കാറും മാനേജ്മെന്‍റും ആവർത്തിച്ചിരുന്നത്. ഇതിൽ നിന്നുള്ള വലിയ ചുവടുമാറ്റമാണ് സിറ്റി സർക്കുലറുകൾ.
കെ.എസ്.ആര്‍.ടി.സിയെ അപ്രസക്തമാക്കാനാണ് സ്വിഫ്റ്റ് കമ്പനി രൂപവത്കരിച്ചതെന്ന തൊഴിലാളി സംഘടനകളുടെ ആരോപണം ശരിവെക്കുന്നതാണ് പുതിയ നീക്കം. കിഫ്ബി വായ്പയില്‍ വാങ്ങിയതുകൊണ്ടാണ് ബസുകള്‍ സ്വിഫ്റ്റിന് നല്‍കിയതെന്നാണ് മാനേജ്‌മെന്‍റ് വിശദീകരണം.
എന്നാൽ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ പദ്ധതി വിഹിതത്തില്‍നിന്ന് വാങ്ങിയ ബസുകളും സ്വിഫ്റ്റിലേക്കാണ് എത്തിയത്. 2016നുശേഷം 101 ബസ് മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത്. പ്രവർത്തനം തുടങ്ങി മൂന്നുമാസമാകുമ്പോൾ തന്നെ ലോക്കൽ സർവിസിലേക്കും സ്വിഫ്റ്റ് കടന്നുവരുന്നത് തൊഴിലാളികളെയും അമ്പരപ്പിച്ചു. കെ.എസ്.ആർ.ടി.സിയെ പതിയെ സ്വിഫ്റ്റ് വിഴുങ്ങുമെന്ന ഭീതിയിലാണ് ജീവനക്കാർ. സ്വിഫ്റ്റ് കരാർ അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിക്കുന്നത്. മാനേജ്മെന്‍റ് തീരുമാനം ചെറുക്കാനാണ് യൂനിയനുകളുടെ നീക്കം.
വാങ്ങാനുദ്ദേശിക്കുന്ന 25ൽ അഞ്ച് ഇലക്ട്രിക് ബസ് തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഇവ ഉടൻ സിറ്റി സർക്കുലറിനായി വിന്യസിക്കും. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ചാർജിങ് സ്റ്റേഷനുകളും സജ്ജമാക്കുന്നുണ്ട്.
സി.എൻ.ജി ബസ് വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും ഒരു വർഷത്തിനിടയിൽ സി.എൻ.ജിക്ക് ഇരട്ടിയിലധികം വില വർധിച്ച സാഹചര്യത്തിലാണ് സർക്കാർ പിന്നോട്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.