ജയിലുകളിൽ ഇനി അവയവദാന ബോധവത്കരണ ക്ലാസുകളും
text_fieldsതൃശൂർ: തടവുകാർക്ക് അവയവദാനത്തിന് അനുമതി നൽകിയതിന് പിന്നാലെ അവയവദാനത്തെ കുറിച്ച് ബോധവത്കരണവും. തടവുകാർ ജയിലുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വീണ്ടും കുറ്റവാളികളാകാതെ സമൂഹവുമായി ചേർന്ന് ജീവിക്കാനുള്ള പദ്ധതികൾ ഒരുക്കുന്നതിെൻറ ഭാഗമായി ജയിലുകളിൽ അവയവദാനത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. മതപരിവർത്തനത്തിന് കാരണമാകുന്നു എന്ന പരാതി മൂലം നിലച്ച മുമ്പ് ഉണ്ടായിരുന്ന ആത്മീയ പ്രഭാഷണത്തിന് പകരമാണിത്.
2014ലെ ജയിലുകളും സാന്മാര്ഗീകരണ സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് ജനുവരിയിൽ തടവുകാരുടെ അവയവദാനത്തിന് തീരുമാനമെടുത്തത്. അതിെൻറ തുടർച്ചയായി കുന്നംകുളം ആര്യലോക് അതീന്ദ്രിയ ഗുരുകുല ആശ്രമം അധിപതിയും അവയവദാനത്തിലൂടെ ശ്രദ്ധേയനുമായ ഡോ. ശ്രീ ആര്യമഹർഷി അവയവദാനത്തിെൻറ പ്രാധാന്യം ചൂണ്ടിക്കാണിച്ച് സർക്കാറിന് എഴുതിയ കത്താണ് ബോധവത്കരണ പരിപാടിക്ക് നിമിത്തമായത്.
ആഭ്യന്തരവകുപ്പ് കത്ത് ജയിൽ ഡി.ജി.പിക്ക് കൈമാറി. ജയിലിെൻറ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തിൽ ബോധവത്കരണം ആരംഭിക്കാൻ നിർദേശിച്ച് ജയിൽ ഡി.ജി.പി ജയിൽ സൂപ്രണ്ട്മാർക്ക് ഉത്തരവ് നൽകി. ഷെഡ്യൂൾ തയ്യാറാക്കി ഉടൻ ക്ലാസുകൾ തുടങ്ങും. അവയവദാന മഹിമയെ കുറിച്ചും ആവശ്യകതയെ കുറിച്ചുമാണ് ക്ലാസ്.
സാക്ഷരത ക്ലാസ് മുതൽ തൊഴിൽ പരിശീലനംവരെയും, ജൈവ പച്ചക്കറികൃഷിയും മത്സ്യകൃഷിയും ജല സംരക്ഷണ പ്രവർത്തനങ്ങളുമൊക്കെയായി ജയിലുകളുടെ അന്തരീക്ഷം പാടേ മാറിക്കൊണ്ടിരിക്കെയാണ് അവയവദാന ബോധവത്കരണ പദ്ധതി. കൊടുംക്രിമനൽ സംഘങ്ങൾ ജയിലുകൾ അടക്കി ഭരിക്കുന്നുവെന്നൊക്കെയുള്ള ആക്ഷേപങ്ങൾക്കിടയിലും മാനസിക പരിവർത്തനത്തിലും തൊഴിൽ വരുമാനത്തിലും സാമൂഹിക ഇടപെടലിലുമൊക്കെയായി മാറ്റത്തിലാണ് ജയിലുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.