ഹൃദയവും കരളും വൃക്കകളും നൽകി വിഷ്ണു യാത്രയായി
text_fieldsകോഴിക്കോട്: അകാലത്തിൽ മരിച്ച മകനെ കുറിച്ചോർക്കുമ്പോൾ കണ്ണുകൾ ഈറനണിയുമെങ്കിലും ഒരിറ്റ് കണ്ണീർ പൊഴിക്കില്ല കണ്ണൂർ സ്വദേശിയായ പൂവേൻ വീട്ടിൽ ഷാജി. നാലു പേർക്ക് പുതുജീവൻ നൽകിയാണ് മകൻ വിഷ്ണുവിനെ വിധി കൊണ്ടുപോയതെന്നോർക്കുമ്പോൾ അഭിമാനം മാത്രമാണ് മനസിൽ നിറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച പി. വിഷ്ണുവിന്റെ (22) കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്.
ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു വിഷ്ണുവിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഒക്ടോബർ അഞ്ചിന് രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായിരുന്ന വിഷ്ണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട്ടെ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടർന്ന് ആശുപത്രി അധികൃതരോട് കുടുംബാംഗങ്ങൾ അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. സർക്കാർ സംവിധാനമായ മൃതസഞ്ജീവനി വഴി പൂർണ്ണമായും മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്തിയത്. വിഷ്ണുവിന്റെ ഒരു വൃക്കയും കരളും ആസ്റ്റർ മിംസിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നൽകി. മറ്റൊരു വൃക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും ഹൃദയം മെട്രോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കുമാണ് ലഭിക്കുക.
അവയവമാറ്റത്തിനുള്ള മള്‍ട്ടി ഓര്‍ഗന്‍സ് സര്‍ജറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ആസ്റ്റർ മിംസിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം തലവൻ അനീഷ് കുമാറും സംഘവും, ലിവർ ട്രാൻസ്‌പ്ലാന്റ് വിഭാഗം തലവൻ ഡോ. സജീഷ് സഹദേവൻ, നെഫ്രോളജിസ്റ്റ് സജിത്ത് നാരായണൻ, യൂറോളജിസ്റ്റ് രവികുമാർ കെ., അനസ്തേഷ്യോളജിസ്റ്റ് ഡോ. കിഷോർ, എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.