അവയവദാനം 90 ശതമാനവും ജീവിച്ചിരിക്കുന്നവരിൽനിന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുവർഷത്തിനിടെ നടന്ന അവയവദാന ശസ്ത്രക്രിയകളിൽ 90 ശതമാനം ജീവിച്ചിരിക്കുന്നവരിൽനിന്നെന്ന് കണക്കുകൾ. അവയവക്കച്ചവട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓര്‍ഗണ്‍ ആന്‍ഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓര്ഗനൈസേഷൻ) നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇതു വ്യക്തമായത്. സംസ്ഥാനത്ത് രണ്ട് രീതിയിലാണ് അവയവദാനം. ജീവിച്ചിരിക്കുന്നവരിൽനിന്ന് സ്വീകരിച്ച് രോഗികള്‍ക്ക് നല്കുന്ന ലൈവ് ഡോണേഷനും (വൃക്ക, കരള്‍ എന്നിവ മാത്രം) മരണാനന്തരം ചെയ്യാന്‍ കഴിയുന്ന മരണാനന്തര അവയവദാനവും.
അഞ്ചു വര്‍ഷത്തിനിടെ 5418 അവയവദാന ശസ്ത്രക്രിയയാണ് കേരളത്തില്‍ നടന്നത്. ഇതിൽ മരിച്ചവരുടെ അവയവങ്ങൾ വെച്ചുപിടിപ്പിക്കാനായി നടന്ന ശാസ്ത്രക്രിയകൾ 286 ആണ്. ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങൾ എടുത്ത് നടത്തിയ ശസ്ത്രക്രിയ 5132 ഉം. മരിച്ച ഒരാളിൽനിന്ന് നാല് അവയവം വരെ സ്വീകരിക്കാറുണ്ട്. അഞ്ചു വര്‍ഷത്തിനിടെ മരണാനന്തര അവയവദാനത്തിലൂടെ പുതുജീവന്‍ ലഭിച്ചത് 286 പേര്‍ക്കാണ്.
അവയവദാനത്തിനുവേണ്ടിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സൂചനകള്‍ കെ-സോട്ടോയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. മനുഷ്യക്കടത്തിന് വിധേയരാകുന്ന ദാതാക്കള്‍ കേരളത്തിലെ ഏതെങ്കിലും ട്രാസ്പ്ലാന്റ് സെന്ററില്‍ പ്രവേശിക്കപ്പെടുകയോ പരിശോധന നടത്തുകയോ ചെയ്യാത്തതിനാല്‍ വിവരങ്ങള്‍ കെ-സോട്ടോ ഡേറ്റാബേസില്‍ ലഭ്യമാവില്ല.
ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള അവയവദാനത്തിൽ ബന്ധുക്കളല്ലാത്തവരാണെങ്കിൽ കർശന നിയന്ത്രണങ്ങളാണുള്ളത്. കച്ചവട താൽപര്യം കടന്നുകയറരുതെന്ന നിര്‍ബന്ധമുള്ളതിനാൽ ബന്ധുവേതര അവയവദാനത്തിന് കൂടുതല്‍ നടപടി ക്രമങ്ങളുണ്ട്. ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ട് - 1994, ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ റൂള്‍സ് - 2014 എന്നിവയാണ് ഇതു സംബന്ധിച്ച നിയമങ്ങൾ. ബന്ധുക്കള്‍ തമ്മിലുള്ള അവയവദാനം, മാറ്റിവെക്കല്‍ നടക്കുന്ന ആശുപത്രികളില്‍ രൂപവത്കരിച്ചിട്ടുള്ള മെഡിക്കല്‍ ബോര്‍ഡാണ് നിയന്ത്രിക്കുന്നത്. എന്നാല്‍, ബന്ധുവേതര അവയവദാനത്തിന് ജില്ലതല ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതി വേണം.
ഓഡിറ്റിന് സർക്കാർ
അവയവക്കച്ചവടം വലിയ വിവാദമായ സാഹചര്യത്തിൽ അവയവദാനങ്ങളെക്കുറിച്ച് ഓഡിറ്റ് നടത്താൻ സർക്കാർ. ഇത്തരം ശസ്ത്രക്രിയകൾ അഞ്ചുവർഷത്തിനിടെ ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് കെ-സോട്ടോ നേതൃത്വത്തിൽ ഓഡിറ്റ് നടത്തുന്നത്. സംസ്ഥാനത്തെ പ്രധാന മൂന്ന് ട്രാൻസ്പ്ലാന്റ് സെന്ററുകളിൽനിന്ന് ഇതിനകം പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. വിശദ പരിശോധന നടത്തി സമഗ്ര റിപ്പോർട്ട് സാധ്യമാകും വേഗത്തിൽ സർക്കാറിന് സമർപ്പിക്കുമെന്ന് കെ-സോട്ടോ എക്സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.