മരണാനന്തരം അമ്മയുടെ തിരുത്ത്; ആ കണ്ണ് ഗോകുൽ രാജിന് വെളിച്ചമേകും
text_fieldsചാരുംമൂട്: തെൻറ കൈയബദ്ധത്തിൽ കണ്ണ് നഷ്ടമായ മകന് മരണാനന്തരം അമ്മയുടെ തിരുത്ത്. താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി കണ്ണ് ചാരേത്ത് കൃഷ്ണഗാഥയിൽ രാജൻ പിള്ളയുടെ ഭാര്യ രമാദേവിയുടെ(50) കണ്ണാണ് മകൻ ഗോകുൽ രാജിൽ ഇനി തെളിച്ചമാകുക. കുതറിയോടിയ പശുവിൽനിന്ന് ഗോകുൽ രാജിനെ രക്ഷിക്കാൻ രമാദേവി ശ്രമിക്കുന്നതിനിടെയാണ് ആറാം വയസ്സിൽ കണ്ണ് നഷ്്ടമായത്. നാലുദിവസം മുമ്പ് ബൈക്കപകടത്തിലാണ് രമാദേവി മരിച്ചത്.
രമാദേവിയുടെ മൂത്ത മകനാണ് ബി.എസ്സി നഴ്സിങ് ബിരുദധാരിയായ ഗോകുൽ രാജ് (27). കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളിയാഴ്ചയായിരുന്നു ഗോകുൽ രാജിെൻറ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ. ഫെബ്രുവരി ആറിന് വൈകീട്ട് അഞ്ചിന് ഇളയ മകൻ കാട്ടാക്കട വിജ്ഞാൻ കോളജ് ബി.സി.എ വിദ്യാർഥി രാഹുൽ രാജിനൊപ്പം (23) ബൈക്കിൽ പോകുമ്പോഴാണ് ഹംപിൽ കയറി തെറിച്ചുവീണ് രമാദേവിക്ക് അപകടം സംഭവിച്ചത്. തൽക്ഷണം മരിച്ചു.
ഒന്നര മണിക്കൂറിനുള്ളിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ നേത്രവിഭാഗം ഡോ. ഗീതുവിെൻറ നേതൃത്വത്തിലുള്ള സംഘം കായംകുളം സർക്കാർ ആശുപത്രിയിൽ എത്തി രമാദേവിയുടെ ഇരുകണ്ണും നീക്കം ചെയ്തു. ഇതിലൊന്നാണ് മകെൻറ നഷ്ടമായ കണ്ണിന് പകരം കാഴ്ചയാകുന്നത്.
ഗോകുൽരാജിെൻറ ചെറുപ്പത്തിൽ കയർ വിട്ട് കുതറിയോടിയ പശുവിൽനിന്ന് കുട്ടിയെ രക്ഷിക്കാൻ രമാദേവി കല്ലെടുത്തെറിഞ്ഞപ്പോൾ ഒന്ന് ഇടതുകണ്ണിൽ കൊള്ളുകയായിരുന്നു. ചികിത്സ നടത്തിയെങ്കിലും ഒരു കണ്ണിെൻറ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു.
കാഴ്ച ലഭിക്കാൻ കണ്ണ് മാറ്റിെവക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതുപ്രകാരം സർക്കാറിെൻറ അവയവദാന സെല്ലിൽ അപേക്ഷ നൽകി കാത്തിരുെന്നങ്കിലും ഗോകുൽ രാജിന് ഊഴം ലഭിച്ചില്ല. ജീവിച്ചിരിക്കുമ്പോൾ തെൻറ ഒരു കണ്ണ് മകന് നൽകാമെന്ന് രമാദേവി പലപ്പോഴും പറഞ്ഞിരുന്നു. എന്നാൽ മകൻ സമ്മതിച്ചില്ല.രമാദേവിയുടെ സംസ്കാരം നടക്കുമ്പോഴും കണ്ണ് ഏറ്റുവാങ്ങാൻ ഗോകുൽ രാജ് സന്നദ്ധത കാട്ടിയില്ല. അവസാനം സുഹൃത്തുക്കളുടെ സമ്മർദത്തിന് വഴങ്ങുകയായിരുന്നു. രമാദേവിയുടെ സംസ്കാരം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞ് സുഹൃത്തുക്കളാണ് ഗോകുൽ രാജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രമാദേവിയുടെ മറ്റേ കണ്ണ് അവയവദാന രജിസ്റ്ററിലെ മുൻഗണനപ്രകാരം പേര് രജിസ്റ്റർ ചെയ്തവർക്ക് നൽകുമെന്ന് വണ്ടാനം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.