അവയവ മാഫിയ; പരാതിയിൽ രണ്ടുവർഷം കഴിഞ്ഞിട്ടും നടപടിയില്ല
text_fieldsവിഴിഞ്ഞം: സംസ്ഥാനത്ത് അവയവ മാഫിയ പ്രവർത്തനം കൊഴുക്കുമ്പോഴും സംഘം വഞ്ചിച്ചെന്ന് കാട്ടി വിഴിഞ്ഞം സ്വദേശിനി പൊലീസിൽ നൽകിയ പരാതിയിൽ രണ്ടുവർഷം കഴിഞ്ഞിട്ടും നടപടിയില്ല.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നടപടിക്കായി ശിപാർശ ചെയ്ത് വിഴിഞ്ഞം പൊലീസ് പരാതി കൈമാറിയെങ്കിലും തുടർനടപടി ഉണ്ടായില്ല. തീരമേഖല കേന്ദ്രീകരിച്ച് അവയവ മാഫിയ പ്രവർത്തനം സജീവമാണെന്നും സ്ത്രീകൾ ഉൾപ്പെടെ പത്തിലേറെപേർ ഇവരുടെ കെണിയിൽപെട്ട് അവയവം വിറ്റെന്നും 2021 നവംബറിൽ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതു ശരിവെക്കുന്ന തരത്തിൽ അന്ന് പൊലീസ് ഇന്റലിജൻസ് വിഭാഗവും ആരോഗ്യവകുപ്പും റിപ്പോർട്ട് നൽകിയിട്ടും തുടർനടപടി ഉണ്ടായില്ല.
അന്നും സംശയ നിഴലിലായത് തൃശൂർ കേന്ദ്രീകരിച്ചുള്ള ഏജന്റുമാരാണ്. 12-15 ലക്ഷം രൂപ വാങ്ങിയാണ് ഇവർ വൃക്ക വിൽക്കുന്നതെന്നും ഇവരുടെ കെണിയിൽ പെടുന്നവർക്ക് പരമാവധി ആറു ലക്ഷം രൂപയാണ് നൽകിയതെന്നും ‘മാധ്യമം’ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വൃക്ക നൽകിയവരാണ് പിന്നീട് ഈ മാഫിയയുടെ ഏജന്റുമാരായിരുന്നത്.
ബന്ധുക്കൾ അല്ലാത്തവർക്കാണ് വൃക്കകൾ നൽകിയതെന്നും ഇതിൽ പണം ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ല മെഡിക്കൽ ഓഫിസറും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. സിറ്റി പൊലീസ് മേധാവിയുടെ റിപ്പോർട്ട് അനുസരിച്ച് വൃക്ക ദാനം ചെയ്തവരിൽനിന്ന് ശേഖരിച്ച മൊഴികളിൽ സ്വന്തം ഇഷ്ടപ്രകാരമാണ് വൃക്കദാനം ചെയ്തതെന്നാണ് പറയുന്നതെങ്കിലും വാണിജ്യ ഇടപെടലുകൾ നടന്നതായി സൂചനയുണ്ട്.
അവയവദാന നിയമ പ്രകാരം വിഷയത്തിൽ നടപടി എടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, വിഴിഞ്ഞം സ്വദേശിനി നൽകിയ പരാതിയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. അതിനാൽ പൊലീസിന് തുടർനടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നാണ് ആക്ഷേപം. ഇതേ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ എടുത്ത കേസിലും തുടർനടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.