മനുഷ്യക്കടത്തിലൂടെ അവയവക്കച്ചവടം: പ്രവർത്തനം മണി ചെയിൻ മാതൃകയിൽ
text_fieldsകൊച്ചി: മനുഷ്യക്കടത്തിലൂടെ ആസൂത്രിതമായി അവയവക്കച്ചവടം നടത്തുന്ന സംഘത്തിന്റെ പ്രവർത്തനം മണി ചെയിൻ മാതൃകയിൽ. അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇതുവരെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ അവയവക്കച്ചവടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്ത് വൻ വ്യാപാരമായി വളരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഹൈദരാബാദ്, ബംഗളൂരു, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് അവയവദാനത്തിനായി ആളുകളെ ഇറാനിലേക്ക് കടത്തിയ കേസാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. രാജ്യാന്തര ബന്ധമുള്ള ഇടപാടിന് പിന്നിൽ ആശുപത്രികളടക്കം നിരവധി ഏജൻറുമാർ പ്രവർത്തിക്കുന്നതായും കോടികൾ മറിഞ്ഞതായും സൂചന ലഭിച്ചിട്ടുണ്ട്. പ്രധാനമായും കൊച്ചിയും ഹൈദരാബാദും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വിവിധ സംസ്ഥാനങ്ങളിൽനിന്നായി നൂറിലധികം പേർ അവയവക്കച്ചവടത്തിന്റെ ഇരകളായിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ദാതാക്കളെ ഇറാനിലെത്തിച്ച് അവിടുത്തെ ഫരീദിഖാൻ ആശുപത്രിയിൽവെച്ചാണ് അവയവദാനം നടത്തിയത്. ഇത് സംബന്ധിച്ച് ഇറാനിൽ നിലനിൽക്കുന്ന ഇളവുകളും മാഫിയക്ക് സൗകര്യമായി.
ഒരിക്കൽ അവയവം നൽകുന്നയാൾ തുടർന്ന് അടുത്ത ദാതാവിനെ കണ്ടെത്തി നൽകി ഈ ഇടപാടിന്റെ ഏജന്റായി മാറുന്നതാണ് രീതി. ഇത്തരത്തിൽ ദാതാക്കളുടെ ചങ്ങല ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് നീളുന്നു. സാമ്പത്തികമായി താഴേക്കിടയിലുള്ളവരാണ് ഇരകളിൽ ഏറെയും. ഒരു ദാതാവിനെ കിട്ടിയാൽ അതുവഴി ഇത്തരക്കാരെ എളുപ്പത്തിൽ കണ്ടെത്തും.
മാറ്റിവെക്കണമെന്ന് ആശുപത്രിയിൽനിന്ന് നിർദേശിച്ചാൽ അവയവം വേണ്ടവർ ഉടൻ ഏജന്റുമാരെ ബന്ധപ്പെടുകയാണ് ചെയ്യുക. സ്വീകർത്താക്കളിൽ നല്ലൊരു പങ്കും ഉയർന്ന ബിസിനസ്സുകാരും സമൂഹത്തിലെ മറ്റ് ഉന്നതരുമാണ്. അവയവം കിട്ടാൻ എത്ര പണം നൽകാനും ഇവർ തയാറാകുന്നു. സാധാരണക്കാരായ ദാതാവിൽനിന്ന് മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ നൽകി വാങ്ങുന്ന അവയവത്തിന് സ്വീകർത്താവിൽനിന്ന് 30 മുതൽ 50 ലക്ഷം വരെയാണ് ഏജന്റുമാർ ഈടാക്കുക. ഇതിന്റെ വിഹിതം ആശുപത്രികൾക്കും ലഭിക്കും.
ഇടനിലക്കാർ കൂടുന്നതിനുസരിച്ച് യഥാർഥ ദാതാവിന് ലഭിക്കുന്ന പ്രതിഫലം കുറയും. കേസിന് എല്ലാ സംസ്ഥാനങ്ങളുമായും ബന്ധമുള്ള പശ്ചാത്തലത്തിൽ രാജ്യവ്യാപക അന്വേഷണമാണ് എൻ.ഐ.എ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.