മെഡിക്കൽ കോളജിലെ വൃക്കമാറ്റിവെക്കൽ: ആംബുലൻസുകാരെ പഴിചാരൽ, വാദം പൊളിച്ച് ദൃശ്യങ്ങൾ
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജിലെ വൃക്കമാറ്റിവെക്കൽ സംഭവത്തിൽ ഏകോപനത്തിലെ വീഴ്ച മറയ്ക്കാൻ ആംബുലൻസ് ജീവനക്കാരെ പഴിചാരാനുള്ള നീക്കം പൊളിച്ച് ദൃശ്യങ്ങൾ. ആംബുലൻസിനുള്ളിലുണ്ടായിരുന്ന ഡോക്ടർ തന്നെ വൃക്കയടങ്ങിയ പെട്ടി പുറത്തു നിന്ന ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ കൈയിലേക്ക് നൽകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആരോഗ്യമന്ത്രിയടക്കം ആരോപിക്കുന്നത് പോലെ 'തട്ടിയെടുത്ത് ഓടിയ'തെങ്കിൽ ഇതെങ്ങനെ സംഭവിക്കുമെന്നാണ് ഉയരുന്ന ചോദ്യം. പിടിവലിയോ മറ്റോ ദൃശ്യങ്ങളിലുമില്ല. പെട്ടി എടുക്കുന്നതിൽനിന്ന് ഡോക്ടർ വിലക്കുന്നുമില്ല.
സുരക്ഷ ജീവനക്കാരൻ നോക്കി നിൽക്കുമ്പോഴാണ് പെട്ടിയുമായി ഇവർ അകത്തേക്ക് പോകുന്നത്. ഇതെങ്ങനെ അതിക്രമിച്ച് കടക്കലാകുമെന്നാണ് മറ്റൊരു ചോദ്യം. അതിക്രമിച്ച് കയറിയെങ്കിൽ എന്തുകൊണ്ട് സുരക്ഷ ജീവനക്കാരൻ തടഞ്ഞില്ല. ഏറ്റുവാങ്ങിയവർ പെട്ടിയുമായി വേഗത്തിൽ ആശുപത്രിക്കുള്ളിലേക്ക് നീങ്ങുന്നുണ്ട്.
ഒരു സുരക്ഷ ജീവനക്കാരൻ വഴികാണിക്കുന്നതായും കാണാം. പെട്ടിയുമായി ലിഫ്റ്റിലെത്തുമ്പോൾ ഡോക്ടർ അനുഗമിക്കുന്നുമുണ്ട്.
വൃക്കയടങ്ങിയ പെട്ടി തട്ടിയെടുത്തു , വീഡിയോ ചിത്രീകരിച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ ആശുപത്രി അധികൃതർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്.
പെട്ടി തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കുമെന്ന് മന്ത്രിയും പറഞ്ഞിരുന്നു. 'ഡോക്ടർമാർ ഇറങ്ങുന്നതിനു മുമ്പ് അവിടെയുണ്ടായിരുന്ന ഒന്നുരണ്ടുപേർ പെട്ടി തട്ടിയെടുത്ത് പോയി എന്നാണ് ആശുപത്രി അധികൃതരുടെ പരാതിയെന്നും പുറത്തുനിന്നുള്ളവർ എങ്ങനെ എടുത്തെന്നും ഇത് അന്വേഷിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. കേസിന്റെ ഭാഗമായി ആംബുലൻസ് ജീവനക്കാരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
കടുപ്പിച്ച് കെ.ജി.എം.സി.ടി.എ; പിന്നാലെ അനൗദ്യോഗിക ചർച്ച
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ വൃക്കമാറ്റിവെക്കൽ സംഭവത്തിൽ സർക്കാർ നിലപാട് ഏകപക്ഷീയമെന്നാരോപിച്ചും നിലപാട് കടുപ്പിച്ചും കെ.ജി.എം.സി.ടി.എ. കാര്യമായ അന്വേഷണം നടത്താതെയും കൃത്യമായ വിശകലനം ചെയ്യാതെയും എടുത്തുചാടിയാണ് വകുപ്പ് മേധാവികൾക്കെതിരെ നടപടിയെടുത്തതെന്ന് സംഘടന ആരോപിച്ചു. വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവോ പ്രോട്ടോകോൾ ലംഘനമോ ഉണ്ടായിട്ടില്ലെന്നും എന്തിന് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വിദഗ്ധ സമിതി അന്വേഷണത്തിന് ശേഷമാകണം ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കേണ്ടത്. എടുത്തുചാടിയുള്ള നടപടി അംഗീകരിക്കാനാവില്ല. സംവിധാനത്തിലെ പിഴവിന് ഡോക്ടര്‍മാരെ പഴിചാരിയിട്ട് കാര്യമില്ല.
ഡോക്ടര്‍മാര്‍ക്ക് പിഴവുണ്ടെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും. വീഴ്ചയുണ്ടായെങ്കില്‍ നടപടി നേരിടാന്‍ തയാറാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തുനില്‍ക്കാമായിരുന്നു. സർക്കാർ മെഡിക്കൽ കോളജുകൾ തകർക്കാനുള്ള നീക്കം ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിക്കണം. പിന്നാലെ, മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പിക്കു മുന്നിൽ ബുധനാഴ്ച ഡോക്ടര്‍മാര്‍ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തു.
മന്ത്രിയും ഡോക്ടർമാരുടെ സംഘടനകളും കൊമ്പുകോർത്തതിനു പിന്നാലെ, കെ.ജി.എം.സി.ടി.എയുമായി മന്ത്രിയുടെ ഓഫിസ് അനൗദ്യോഗിക ചർച്ച നടത്തി. സമഗ്രാന്വേഷണം നടത്തണമെന്ന നിലപാടാണ് കൂടിക്കാഴ്ചയിൽ കെ.ജി.എം.സി.ടി.എ ഭാരവാഹികൾ ആവർത്തിച്ചത്. അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
വിശദാന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് സർക്കാർ നിലപാട്. ഡോക്ടർമാർ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ അനുനയനീക്കം കൂടിയായിരുന്നു അനൗദ്യോഗിക കൂടിക്കാഴ്ച. ഡോക്ടർമാരുടെ സസ്പെൻഷൻ പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും ഉത്തരവിറങ്ങിയിട്ടില്ല.
നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും കൂടുതൽ സമരത്തിലേക്ക് നീങ്ങേണ്ടതില്ലെന്നാണ് കെ.ജി.എം.സി.ടി.എ തീരുമാനം. വിശദ റിപ്പോർട്ട് വന്ന ശേഷം എന്ത് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന എക്സിക്യൂട്ടിവ് ചേർന്ന് തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.