ശിരോവസ്ത്ര വിലക്ക്: കോടതി വിധി നിരാശജനകമെന്ന് സംഘടനകൾ
text_fieldsജിഫ്രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: ഹിജാബുമായി ബന്ധപ്പെട്ട് നടത്തിയ കര്‍ണാടക ഹൈകോടതി വിധി ഖേദകരമാണ്. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളുടെ താല്പര്യങ്ങള്ക്കുവിരുദ്ധമാണ് വിധി. അതോടൊപ്പം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതവിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിക്കുന്നതാണ് വിധി.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
കോഴിക്കോട്: വിധി ഏറെ വേദനജനകവും നിർഭാഗ്യകരവുമാണ്. മുസ്ലിം മതവിശ്വാസപ്രമാണങ്ങളെയും പൗരൻ എന്ന നിലയിലുള്ള ഒരു വിശ്വാസിയുടെ മൗലികാവകാശങ്ങളെയും ഹനിക്കുന്നതുമാണ് വിധി. ഇസ്ലാമിൽ ഹിജാബ് അനിവാര്യമല്ല എന്ന കോടതി പരാമർശം പ്രമാണവിരുദ്ധമാണ്. ഹിജാബ് നിർബന്ധമാണ് എന്നതിൽ മുസ്ലിം ലോകത്ത് ഇന്നോളം ഒരു എതിരഭിപ്രായവും തർക്കവും ഉണ്ടായിട്ടില്ല.
ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: വിധി ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെയാണ് ചോദ്യംചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഹിജാബ് ഇസ്ലാമിലെ അനിവാര്യമായ ആചാരമല്ലെന്ന സര്‍ക്കാര്‍ നിലപാടിനെ ശരിവെക്കുന്നതിലൂടെ മൗലികാവകാശത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയുമാണ് കോടതി റദ്ദാക്കിയത്. പൗരന്റെ അവകാശത്തിനുമേല്‍ ഭരണകൂടം കൈവെക്കുമ്പോള്‍ പൗരന്റെ സംരക്ഷണം ഉറപ്പാക്കേണ്ടവരാണ് കോടതികള്‍. ഇത്തരം വിധികള്‍ നീതിവ്യവസ്ഥക്ക് മേലുള്ള ജനവിശ്വാസം അസ്ഥിരപ്പെടുത്തുമെന്നും രാജ്യത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കും.
ഇ.പി. ജയരാജന്
കണ്ണൂര്‍: ഹിജാബ് വിവാദം ആര്.എസ്.എസിന്റെ അജണ്ടയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്. കര്‍ണാടക ഹൈകോടതി വിധിയില്‍ കേന്ദ്ര ഭരണത്തിന്റെ സ്വാധീനമുണ്ട്. കര്‍ണാടകയിലെ നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ വിദ്യാഭ്യാസം ഒഴിവാക്കി വീട്ടിലിരിക്കേണ്ട സ്ഥിതിയാണ്.
യൂത്ത് ലീഗ്
കോഴിക്കോട്: വിധിക്കെതിരെ സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരുമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു പ്രസ്താവനയിൽ പറഞ്ഞു. പൗരാവകാശം സംരക്ഷിക്കേണ്ട കോടതി, മതവിധി പുറപ്പെടുവിക്കുന്നത് ഇന്ത്യ പോലൊരിടത്ത് ആശാസ്യമല്ല.
ഐ.എൻ.എൽ
കോഴിക്കോട്: വിധി ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ അട്ടിമറിക്കുന്നതാണെന്ന് ഐ.എൻ.എൽ സംസ്ഥാന അഡ്ഹോക് കമ്മിറ്റി. ഒരാചാരമോ അനുഷ്ഠാനമോ മതത്തിന്റെ അവിഭാജ്യ ഘടകമാണോ അല്ലേ എന്ന് തീരുമാനിക്കുന്നതിൽ കോടതികൾക്ക് പരിമിതികളുണ്ടെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
വിസ്ഡം യൂത്ത്
മലപ്പുറം: വിധി വസ്ത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും ജുഡീഷ്യറിയെ പരിഹാസ്യമാക്കുന്നതുമാണെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടേറിയറ്റ്. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെ അൽപാൽപമായി എടുത്തുകളയാനുള്ള അധികാരികളുടെ ധാർഷ്ട്യത്തിന് ഒത്താശ ചെയ്തുള്ളതാണ് വിധി.
മെക്ക
കൊച്ചി: വിധി ഭരണഘടന താൽപര്യങ്ങൾക്ക് വിരുദ്ധവും മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി.
പി.ഡി.പി
കൊച്ചി: വിധി മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി. വിദ്വേഷപ്രചാരകര്‍ക്ക് കോടതി വിധികളുടെ പിന്‍ബലം കൂടിയുണ്ടാകുന്നത് മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാണെന്ന് സംസ്ഥാന വൈസ്ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ പറഞ്ഞു.
എം.എസ്.എഫ്
കോഴിക്കോട്: വിധി വ്യക്തിയുടെ ആത്മബോധത്തെ തെറ്റിദ്ധരിപ്പിക്കുന്നതും വിവേചനപരവും കനത്ത അപമാനകരവുമാണെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷറഫലി. ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമായ ഹിജാബ്, ഭരണഘടനാപരമായ അവകാശവുമാണ്.
എ.പി. അബ്ദുൽ വഹാബ്
കോഴിക്കോട്: മതം പൗരന്റെ വ്യക്തിപരമായ അവകാശമാണെന്നിരിക്കെ മതാചാരത്തിലും അനുഷ്ഠാനത്തിലും ഭരണകൂടമോ കോടതിയോ ഇടപെടുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധമാകും. വിദ്വേഷവും വിഭാഗീയതയും വെച്ചുപുലർത്തുന്നവർക്ക് ഇത്തരം വിധിപ്രസ്താവനകൾ ആയുധമാകാതിരിക്കാൻ ജുഡീഷ്യറി ജാഗ്രത കാണിക്കണം.
പോപുലർ ഫ്രണ്ട്
കോഴിക്കോട്: വിധി ഭരണഘടന തത്ത്വങ്ങള്‍ക്ക് എതിരാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ. ഇഷ്ടമുള്ള മതവിശ്വാസം തിരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യം നൽകുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ മൗലിക തത്ത്വങ്ങളെ നിഷേധിക്കുകയാണ് കർണാടക ഹൈകോടതി ചെയ്തത്.
വെൽഫെയർ പാർട്ടി
തിരുവനന്തപുരം: വിധി പൗരാവകാശം റദ്ദാക്കുന്നതിന് തുല്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഭരണഘടനദത്തമായ അവകാശം മുസ്ലിം വിദ്യാർഥിനികൾക്ക് മാത്രം വിലക്കുന്നത് പ്രകടമായ ആർ.എസ്.എസ് പദ്ധതിയാണ്. ഇത്തരം ഉത്തരവുകൾക്ക് നിയമസാധുത നൽകുന്നതിലൂടെ ഭരണഘടനയെ നോക്കുകുത്തിയാക്കുകയാണ്. നീതിനിഷേധം ആവർത്തിച്ചുറപ്പിക്കുകയാണ് ഇത്തരം വിധികൾ.
ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം കേരള
കോഴിക്കോട്: വിധി ആശങ്കജനകമെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സമിതി. ഹിജാബ് നിരോധനം ഭരണഘടന വിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. മുസ്ലിം സമുദായത്തെ വിശ്വാസപരമായി പിറകോട്ടടിക്കുകയും വംശീയമായ എല്ലാ അടയാളങ്ങളെയും ഉന്മൂലനം ചെയ്യുക എന്നതും ഫാഷിസത്തിന്റെ അജണ്ടയാണ്.
ജംഇയ്യതുൽ ഉലമ
കൊല്ലം: ഹിജാബ് മതത്തിന്റെ ഭാഗവും നിർബന്ധ ബാധ്യതയുമാണെന്നും മതനിയമങ്ങൾ വ്യാഖ്യാനിക്കാൻ മതപണ്ഡിതർക്കാണ് യോഗ്യതയെന്നും സർക്കാറും കോടതിയും മതനിയമങ്ങളിൽ ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.
അഡ്വ.കെ.പി. മുഹമ്മദ്
കരുനാഗപ്പള്ളി: ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലികാവകാശത്തെയും ശിരോവസ്ത്രം സംബന്ധിച്ച് ഖുർആന്റെ അധ്യാപനങ്ങളെ മറച്ചുവെച്ചുള്ളതാണ് ഹിജാബ് വിഷയത്തിൽ വന്ന കോടതി വിധി.
ഭരണഘടന നൽകുന്ന വ്യക്തിയുടെ സ്വാതന്ത്ര്യം പോലും ഹനിക്കുകയാണ്. കോടതിയായാലും സർക്കാറായാലും ഇത് ഭരണഘടന ലംഘനവുമാണ്.
വിമൻ ജസ്റ്റിസ്
തിരുവനന്തപുരം: കോടതിവിധി ദൗർഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്. ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യമുള്ള ഇന്ത്യയിൽ ഭരണഘടന ഉറപ്പാക്കുന്ന മൗലിക അവകാശങ്ങൾ മുസ്ലിം സ്ത്രീക്ക് റദ്ദുചെയ്യുന്ന അപരവത്കരണം ആശങ്കയുളവാക്കുന്നതാണ്. ആർ.എസ്.എസിന്റെ വംശീയരാഷ്ട്രീയം ഭരണഘടനയെയും നിയമസംവിധാനങ്ങളെയും അട്ടിമറിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.