സംഘടന രൂപീകരിച്ച് ചാരിറ്റി തട്ടിപ്പ്, പിരിച്ചത് ലക്ഷങ്ങൾ; ഒരാൾ അറസ്റ്റിൽ
text_fieldsകുറ്റിപ്പുറം (മലപ്പുറം): ചാരിറ്റി തട്ടിപ്പ് കേസിൽ ഒരാളെ പൊലീസ് പിടികൂടി. സെറീൻ ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ തട്ടിപ്പ് സംഘം രൂപീകരിച്ച് നിരവധിയാളുകളെ കബളിപ്പിച്ച കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസിനെയാണ് (49) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി നിലവിൽ നിലമ്പൂർ മുക്കട്ടയിലാണ് താമസം.
മഞ്ചേരി പന്തലൂർ സ്വദേശി അബ്ദുന്നാസർ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇയാളിൽനിന്ന് പ്രതി 1,62,000 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് പരാതി. കടബാധ്യതകളുള്ളവരെ അതിൽനിന്ന് കരകയറ്റാൻ സഹായിക്കുമെന്ന് പറഞ്ഞാണ് സംഘടനയുടെ പ്രവർത്തനം. ഇവരുടെ പ്രചാരണത്തിൽ വീഴുന്നവരിൽനിന്ന് 1000 രൂപ വാങ്ങി അംഗങ്ങളാക്കും.
ഇവരെ പിന്നീട് ഇയാളുടെയും സംഘടനയുടെയും ഗുണഗണങ്ങൾ വാഴ്ത്തുന്ന പ്രചാരകർ (കോഓഡിനേറ്റർ) ആക്കുന്നു. സംഘടനയിൽ ചേർന്നവർ പിന്നീട് അവരുടെ നാട്ടിലെ സാമ്പത്തിക ശേഷിയുള്ളവരുമായി റിയാസിനെ പരിചയപ്പെടുത്തുകയും പണം വാങ്ങിക്കൊടുക്കുകയും ചെയ്യണം. ഇങ്ങനെ കാരുണ്യ പ്രവർത്തനത്തിന് രശീതിയില്ലാതെ ലക്ഷങ്ങൾ ഇയാൾ പിരിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
ആഴ്ചയിൽ 10,000 രൂപയെങ്കിലും പിരിക്കാത്തവരെ ഭീഷണിപ്പെടുത്തലും പതിവായിരുന്നു. ആദ്യം ചങ്ങനാശ്ശേരിയിൽ തുടങ്ങിയ സംഘടന പിന്നീട് കുറ്റിപ്പുറം ആസ്ഥാനമാക്കി 2020ൽ പുതിയ ഓഫിസ് ആരംഭിച്ചു. തുടർന്ന് നിലമ്പൂരും മണ്ണാർക്കാടും ആലപ്പുഴയിലും മറ്റു പലസ്ഥലങ്ങളിലും വിപുലമായ ഓഫിസുകളും പ്രവർത്തനങ്ങളും നടത്തിവരുകയായിരുന്നു.
കോവിഡ് കാലത്ത് സംഘടനയിൽ ചേർന്ന് പിരിവിനിറങ്ങിയ സ്ത്രീകളുൾപ്പെടെയുള്ളവർ തങ്ങളുടെ ചികിത്സാചെലവിന് ചെറിയ തുക പോലും കിട്ടാതെയായപ്പോൾ സംശയം തോന്നി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഭീഷണിക്ക് വഴങ്ങാത്തവരെയും മറ്റു പല അംഗങ്ങളെയും സംഘടനയിൽ നിന്ന് പുറത്താക്കി. വിധേയത്വം പുലർത്തുന്നവരെ മാത്രം സംഘടനയിൽ നിലനിർത്തിയതായി കുറ്റിപ്പുറം എസ്.എച്ച്.ഒ ശശീന്ദ്രൻ മേലെയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.