യു.ഡി.എഫ് വീഴ്ചയുടെ ആഴംകൂട്ടിയത് സംഘടനാ ദൗർബല്യം; അടിമുടി അഴിച്ചുപണിക്ക് ആവശ്യം
text_fieldsതിരുവനന്തപുരം: പുതുമുഖങ്ങളെ രംഗത്തിറക്കിയും ദേശീയനേതാക്കളെ ദിവസങ്ങളോളം ക്യാമ്പ് ചെയ്യിച്ചും ശക്തമായ പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച വിജയത്തിെൻറ അടുത്തുപോലും എത്താൻ യു.ഡി.എഫിന് സാധിക്കാത്തത് താഴേത്തട്ടിലെ സംഘടനാദൗബല്യമാണെന്ന ആക്ഷേപം ശക്തം. ഇഷ്ടക്കാരെ തിരുകിക്കയറ്റി കെ.പി.സി.സി, ഡി.സി.സി തലങ്ങളില്‍ ജംബോ കമ്മിറ്റി രൂപവത്കരിക്കാൻ മത്സരിച്ച നേതാക്കൾ, താേഴത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ താല്പര്യം കാട്ടാതിരുന്നതിെൻറ ബുദ്ധിമുട്ട് പ്രചാരണത്തിൽ മിക്ക സ്ഥാനാർഥികളും നേരിട്ടു.
തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയെതുടര്‍ന്ന് ചില മുഖംമിനുക്കല്‍ അങ്ങിങ്ങ് നടത്തിയെങ്കിലും ഫലംകണ്ടില്ല. ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടപ്പോൾ ആവശ്യമായ തിരുത്തൽ വരുത്തുമെന്ന് നേതൃത്വം പറെഞ്ഞങ്കിലും ഒന്നും നടന്നില്ല. സ്ഥാനാർഥി നിർണയത്തിൽ തലമുറമാറ്റം നടപ്പാക്കാനായി എന്നതുമാത്രമാണ് ഏക തിരുത്തൽ നടപടി. പക്ഷേ, അപ്പോഴും സംഘടനയെ ശക്തിപ്പെടുത്തുന്ന കാര്യത്തിൽ ശ്രദ്ധയുണ്ടായില്ല. അതുകാരണം പാർട്ടിയുടെയും മുന്നണിയുടെയും നിലപാടുകളും സർക്കാറിെൻറ വീഴ്ചകളും ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ല.
എതിർപക്ഷം നിരന്തരം വീടുവീടാന്തരം കയറിയിറങ്ങി സർക്കാറിെൻറ നേട്ടങ്ങളും ഭരണതുടർച്ചയുടെ ആവശ്യകതയും സ്വന്തം സ്ഥാനാർഥിയുടെ സവിശേഷതകളും വിശദീകരിച്ചപ്പോൾ സംഘടനാതല ദൗർബല്യം കാരണം കോൺഗ്രസും യു.ഡി.എഫും മിക്കയിടത്തും കാഴ്ചക്കാരായി. സാമൂഹികവിഷയങ്ങളിൽ നിരന്തരം ഇടപെട്ട് ജനങ്ങളുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന പഴയനിലയിൽനിന്ന് വ്യത്യസ്തമായി ഏതെങ്കിലും നേതാവിെൻറ ഇഷ്ടക്കാരനാകുന്നതിലൂടെ പാർട്ടി പദവികളിലേക്ക് ശരവേഗം എത്തുന്ന ശൈലിയിലേക്ക് കോൺഗ്രസ് പ്രവർത്തനം മാറിയിട്ട് കാലമേറെയായി.
ജംബോ കമ്മിറ്റികൾ വന്നതും ഇതിന്റെ ഫലമായാണ്. ജനങ്ങളുമായി ബന്ധമുള്ളവരെ അർഹമായ പദവികളിൽനിന്ന് അകറ്റിയതും തിരിച്ചടിയായി. കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിയിൽ അടിമുടി അഴിച്ചുപണിക്ക് ആവശ്യം ശക്തമാണ്. അതിന് കഴിയുന്ന നേതൃത്വം ആദ്യം സംസ്ഥാനതലത്തിൽ ഉണ്ടാകണമെന്ന വികാരം സ്ഥാനാർഥികളായിരുന്നവർ ഉൾപ്പെടെ പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.