സംഘടന നേതാക്കളോട് കാർഷിക സർവകലാശാല; ‘കടക്ക് പുറത്ത്’
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയിൽ അധ്യാപക, അനധ്യാപക, തൊഴിലാളി സംഘടന നേതാക്കൾക്ക് സർവകലാശാലക്കകത്ത് ‘പ്രവേശനം നിയന്ത്രിച്ച്’ രജിസ്ട്രാറുടെ ഉത്തരവ്. ഉത്തരവ് പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ ഗൗരവമായി കണ്ട് തുടർനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമുണ്ട്. സർവകലാശാല ആസ്ഥാന മന്ദിരത്തിൽ വിവിധ ആവശ്യങ്ങളുമായി വരുന്ന അധ്യാപക, അനധ്യാപക, തൊഴിലാളി, പെൻഷൻ സംഘടനകളുടെ ഭാരവാഹികൾ വിവിധ സെക്ഷനുകളിൽ വിവരങ്ങൾ തേടുന്നത് ശ്രദ്ധയിൽപെട്ടുവെന്നും ഇവർ പ്രവൃത്തിസമയങ്ങളിൽ സെക്ഷനുകളിൽ വരുന്നത് ജോലി തടസ്സപ്പെടാനും സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകുന്നുവെന്നുമാണ് രജിസ്ട്രാർ പി.ഒ. നമീർ മാർച്ച് 29ന് ഇറക്കിയ ‘പരിപത്ര’ത്തിൽ പറയുന്നത്.
ഇത് ഒഴിവാക്കാനുള്ള നിർദേശങ്ങളും രജിസ്ട്രാർ ഇറക്കിയിട്ടുണ്ട്. അംഗീകൃത സംഘടന ഭാരവാഹികൾ ആസ്ഥാന മന്ദിരത്തിലെ അസിസ്റ്റന്റ് രജിസ്ട്രാർ കേഡറിലോ അതിനു മുകളിലോ ഉള്ളവരുമായി മാത്രമേ അന്വേഷണങ്ങൾക്ക് ബന്ധപ്പെടാവൂ. അങ്ങനെ സമീപിക്കുമ്പോഴും അവരുടെ ജോലി തടസ്സപ്പെടുത്തരുത്. അംഗീകൃത സംഘടന ഭാരവാഹികൾക്കു മാത്രമേ ഈ ഉദ്യോഗസ്ഥരെ സമീപിക്കാൻ അവകാശമുള്ളൂ. അവർ സെക്ഷനുകളിൽ ‘കയറിയിറങ്ങി വിവരങ്ങൾ അന്വേഷിക്കരുത്. അധ്യാപകരും ജീവനക്കാരും തൊഴിലാളികളും ജോലിസമയത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് സർവകലാശാല ആസ്ഥാനത്ത് വരുന്നതും സെക്ഷനുകളിൽ ബന്ധപ്പെടുന്നതും ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ജോലിസമയത്ത് ഉദ്യോഗസ്ഥരെ കാണുന്നതും വിലക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.