വിഭാഗീയത സൃഷ്ടിക്കാനുള്ള സംഘടിത നീക്കങ്ങളെ പ്രതിരോധിക്കും -വെള്ളാപ്പള്ളി നടേശൻ
text_fieldsകൊല്ലം: കേരള സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ സംഘടിത ശ്രമങ്ങളെ നവോത്ഥാന മൂല്യ സംരക്ഷണസമിതി പ്രതിരോധിക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ. ജില്ല കൺവീനർമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മാനവിക ബോധങ്ങളെയുമില്ലാതാക്കി അവനവനിലേക്ക് മാത്രം ഒതുങ്ങാൻ സമൂഹത്തെയാകെ പ്രേരിപ്പിക്കുകയാണ് ചിലർ. മനുഷ്യർക്കിടയിൽ അകലത്തിന്റെ അദൃശ്യമായ മതിൽ തീർക്കുകയാണ്. ഇതിനിയും തുടരാൻ അനുവദിച്ചാൽ നവോത്ഥാന കേരളത്തിന്റെ ഗതിയാകെ മാറും. വിഭാഗീയതകളെയില്ലാതാക്കി കൂട്ടായ്മയുടെ സാമൂഹികബോധത്തെ രൂപപ്പെടുത്താൻ യുവാക്കളിലേക്കും വിദ്യാർഥികളിലേക്കും സമിതി കടന്നുചെല്ലുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ അഞ്ചിന് കൊല്ലം ജില്ലയിലെ പ്രവർത്തക യോഗത്തോടെ സമിതിയുടെ ജില്ലതല യോഗങ്ങൾക്ക് തുടക്കമാകും. ആറിന് ആലപ്പുഴ, എറണാകുളം, എട്ടിന് മലപ്പുറം, കോഴിക്കോട്, ഒമ്പതിന് കണ്ണൂർ, കാസർകോട്, 10ന് വയനാട്, 11ന് ഇടുക്കി, 12ന് കോട്ടയം, പത്തനംതിട്ട, 15ന് തൃശൂർ, പാലക്കാട് എന്നിങ്ങനെ പ്രവർത്തക യോഗം നടത്തും.
17ന് തിരുവനന്തപുരത്തെ യോഗത്തോടെ ജില്ല പ്രവർത്തക യോഗങ്ങൾ പൂർത്തീകരിച്ച് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രവർത്തക യോഗങ്ങളിലേക്ക് കടക്കും. സമിതി സംസ്ഥാന ട്രഷറർ കെ. സോമപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. രാമഭദ്രൻ, എസ്. പ്രഹ്ലാദൻ, കെ. രവികുമാർ, ടി.പി. കുഞ്ഞുമോൻ, പി.കെ. സജീവ്, പി.ഒ. സുരേന്ദ്രൻ, ജയകൃഷ്ണൻ മേപ്പിള്ളി, ഐസക് വർഗീസ്, എം. ബഷീർ, കെ.കെ. ബാലകൃഷ്ണൻ നമ്പ്യാർ, എം.വി. മാധവൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.