മഴയിൽ ഗാലറിക്ക് ബലക്ഷയമുണ്ടായെന്ന് സംഘാടകർ; പരിക്കേറ്റവരുടെ ചികിത്സ ചെലവ് ഏറ്റെടുക്കും
text_fieldsകാളികാവ്: മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണ സംഭവത്തിൽ വിശദീകരണവുമായി സംഘാടകർ. കഴിഞ്ഞദിവസം പെയ്ത മഴയെ തുടർന്ന് ഗാലറിയുടെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് സംഘാടകർ പറയുന്നു. സ്റ്റേഡിയം ഇൻഷൂർ ചെയ്തിട്ടുണ്ടെന്നും പരിക്കേറ്റവരുടെ ചികിത്സ ചെലവുകൾ ഏറ്റെടുക്കുമെന്നും സംഘാടകസമിതി അറിയിച്ചു.
പി.എഫ്.സി സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിൽ ശനിയാഴ്ച രാത്രി ഒമ്പതോടെ യുനൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയൽ ട്രാവൽ കോഴിക്കോടും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. 15 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഉൾക്കൊള്ളാവുന്നതിലുമധികം ആളുകൾ ഗാലറിയിലെത്തിയതാണ് അപകടത്തിനു കാരണമായതെന്ന് ദൃക്സാക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു. കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതിനാൽ ഔട്ടർ ലൈനിൽ വരെ ആളുകൾ ഇരുന്നിരുന്നു. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകർന്ന് വീണത്. ഫ്ലഡ് ലൈറ്റും നിലംപൊത്തി. സംഭവത്തിൽ സംഘാടകർക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.