പോറ്റമ്മമാരുടെ വൈകാരിക യാത്രയയപ്പ്; ആ കുട്ടികൾ ഇനി സുരക്ഷിത കരങ്ങളിൽ
text_fieldsകോട്ടക്കൽ: പോറ്റമ്മമാരുടെ സ്നേഹം ആവോളം നുകർന്ന് വളർന്ന ആറ് കുട്ടികൾ വിവിധയിടങ്ങളിലേക്ക് യാത്രതിരിച്ചു. കോവിഡ് മഹാമാരിയിലും പ്രളയ ദുരിതത്തിനിടയിലും കുരുന്നുകളെ സുരക്ഷിത കൈകളിൽ എത്തിച്ചതിെൻറ ആഹ്ലാദത്തിലാണ് ജില്ല ശിശുസംരക്ഷണ സമിതികൾ. മലപ്പുറം ശിശുഭവൻ, രണ്ടത്താണി ശാന്തിഭവൻ എന്നിവിടങ്ങളിൽനിന്നായി ആറുപേരാണ് ദത്തെടുക്കപ്പെട്ടത്.
നാലും എട്ടും വയസ്സുള്ള കുട്ടികൾക്കാണ് പുതിയ രക്ഷിതാക്കൾ എത്തിയത്. മൈസൂർ, ചെന്നൈ, കൊല്ലം എന്നിവിടങ്ങളിൽ സുരക്ഷിത കൈകളിൽ ഇവർ വളരും. മലപ്പുറത്തുനിന്നുള്ളവർ തിരുനെൽവേലി, ബംഗളൂരു, തൃച്ചി എന്നിവിടങ്ങളിലേക്കാണ് യാത്രയായത്. അഞ്ചും ഏഴും ഒമ്പതും മാസം പ്രായമുള്ളവരാണിവർ. ശാന്തിഭവനിൽ നിന്നായിരുന്നു എല്ലാവരുടെയും യാത്ര. ജില്ല ബാലസംരക്ഷണ മേധാവി ഗീതാഞ്ജലി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ, വനിത-ശിശു വികസന മേധാവി തസ്നിം, ഫസൽ പുല്ലാട്ട് എന്നിവർ നടപടികൾ പൂർത്തിയാക്കി.
കോവിഡ് പ്രോട്ടോകോൾ നടപടികൾ പൂർത്തീകരിച്ച് ആറുപേരെ ഇതരസംസ്ഥാനത്തിലേക്ക് സുരക്ഷിതമായി ഏൽപിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗീതാഞ്ജലി പറഞ്ഞു. ഓൺലൈൻ വഴി രക്ഷിതാക്കളെ തിരഞ്ഞെടുത്തായിരുന്നു നടപടിക്രമങ്ങൾ. വിഷ്ണു, ആതിര, നാസർ മാഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.കുട്ടികളെ ദത്തെടുക്കാൻ നടപടികൾ വളരെ ലളിതമാണെന്ന വിവരം അറിയാത്തവരാണ് പലരും. അതത് ജില്ല ശിശുവികസന കമ്മിറ്റികളുമായി ബന്ധപ്പെട്ടാൽ ആർക്കും കുട്ടികളെ ദത്തെടുക്കാമെന്ന് അധികൃതർ അറിയിച്ചു. വികാരനിർഭരമായിരുന്നു യാത്രയയപ്പ് ചടങ്ങ്. പോറ്റമ്മമാരെയും ചേട്ടന്മാരെയും വിട്ടുപോകുന്ന സങ്കടം ഒാരോ കുട്ടിയുടെയും മുഖത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.