1921ലെ രക്തസാക്ഷികളുടെ ഓർമകൾ അനാഥമാക്കുന്നത് ആത്മബോധമുള്ള ജനതക്ക് ചേർന്നതല്ല -കെ.ഇ.എൻ
text_fieldsമലപ്പുറം: 1921ലെ മലബാർ സമരത്തിൽ രക്തസാക്ഷികളായ പോരാളികളുടെ ഒാർമകളെ അനാഥമാക്കുന്നത് ആത്മബോധമുള്ള ഒരു ജനതക്ക് ചേർന്നതല്ലെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ അഭിപ്രായപ്പെട്ടു. മലബാർ സമരത്തിൽ നിർണായക പങ്കുവഹിച്ച ഒരു ഏറനാടൻ ഗ്രാമത്തിന്‍റെ ചരിത്രം വിവരിക്കുന്ന 'മാധ്യമം' സീനിയർ സബ് എഡിറ്റർ ഷെബീൻ മഹ്ബൂബിന്‍റെ 'പോരിനിറങ്ങിയ ഏറനാടൻ മണ്ണ്' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരോ ഗ്രാമവും സമരത്തിലെ അവരവരുടെ പങ്കിനെക്കുറിച്ച് സൂക്ഷ്മമായി രേഖപ്പെടുത്തേണ്ട സന്ദർഭമാണ് സമരത്തിന്‍റെ ഇൗ നൂറാം വാർഷിക വേളയെന്നും കെ.ഇ.എൻ ഒാർമിപ്പിച്ചു. പെരിമ്പലത്തെ സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾ ചേർന്നാണ് പുസ്തകം ഏറ്റുവാങ്ങിയത്.
1836 മുതൽ 1921 വരെ നീണ്ട ബ്രിട്ടീഷ് - ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളിൽ ആനക്കയം പഞ്ചായത്തിലെ പെരിമ്പലം എന്ന ഗ്രാമത്തിൽനിന്ന് മാത്രം മുപ്പതോളം രക്തസാക്ഷികൾ ഉണ്ടായി എന്നതാണ് പുസ്തകത്തിലെ പ്രധാന കണ്ടെത്തൽ. 11 പേരെ ബെല്ലാരി അടക്കമുള്ള ജയിലുകളിൽ ബ്രിട്ടീഷുകാർ വർഷങ്ങളോളം പാർപ്പിച്ചു. നാലുപേരെ അന്തമാനിലേക്കും ഒരാളെ മക്കയിലേക്കും മറ്റൊരാളെ തമിഴ്നാട്ടിലേക്കും നാടുകടത്തി. 1863 മുതലുള്ള ബ്രിട്ടീഷ് രേഖകളുടെയും വാമൊഴികളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയതാണ് പഠനം.
പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലപ്പുറം േബ്ലാക്ക് പഞ്ചായത്ത് സ്ഥിരിംസമിതി അധ്യക്ഷൻ കെ.എം. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ആനക്കയം പഞ്ചായത്ത് പ്രസിഡൻറ് അടോട്ട് ചന്ദ്രൻ, വാർഡ് അംഗം ബുഷ്റ ഹംസ, ടി.കെ. ഹംസ, പി.ടി. ഇസ്മായിൽ, പി.ടി. ഹുസൈൻ മുസ്ലിയാർ, കെ.എം. അലവി, എം. സിദ്ദീഖ്, ഇല്യാസ് പെരിമ്പലം, ടി. അബ്ദുശ്ശുക്കൂർ, ടി.എം. മൻസൂർ ഉനൈസ് തങ്ങൾ, മജീദ് തട്ടായിൽ, കെ.എം. ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. അസിൻ വെള്ളില ഗാനം അവതരിപ്പിച്ചു. ഡോ. നസിറുദ്ദീൻ തണ്ടായത്ത് സ്വാഗതവും ജാഫർ പൊട്ടിക്കുഴി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.