മണിപ്പൂർ കലാപത്തിൽ മലക്കം മറിഞ്ഞ് ഓർത്തഡോക്സ് സഭ: ‘ക്രൈസ്തവർക്ക് ആശങ്കവേണ്ട, മോദി വീണ്ടും അധികാരത്തിലെത്തിയതിൽ സന്തോഷം’
text_fieldsതിരുവനന്തപുരം: മണിപ്പൂരിൽ ക്രിസ്ത്യാനികളും മറ്റ് ഇതര വിഭാഗങ്ങളും മരിച്ചുവീഴുകയാണെന്നും കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ലെന്നും ആരോപിച്ച് കേന്ദ്രസർക്കാറിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചിരുന്ന ഓർത്തഡോക്സ് സഭ, തെരഞ്ഞെടുപ്പിനു പിന്നാലെ മലക്കംമറിഞ്ഞു. മണിപ്പൂരിലുണ്ടായത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്നും ക്രൈസ്തവർക്ക് ആശങ്കവേണ്ടെന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘മണിപ്പൂരിലേത് ഗോത്രവർങ്ങൾ തമ്മിലുള്ള അടിയായി മനസ്സിലാക്കാൻ സാധിച്ചു. ക്രൈസ്തവർ കൂടുതലുള്ള ഭാഗത്തെ പള്ളികൾ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായിട്ടും ഒരു ഗോത്രം മറ്റേ ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കും. മറ്റു ഗോത്രങ്ങൾ കൂടുതൽ ഉള്ളിടത്ത് അവരുടെ ടെമ്പിളുകളും ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാം. വിഷയത്തിൽ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവർ മുഴുവൻ മനസ്സിലാക്കുന്നത്’ -അദ്ദേഹം പറഞ്ഞു.
മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിൽ കാതോലിക്കാ ബാവ സന്തോഷം പ്രകടിപ്പിച്ചു. കൂടാതെ, കേരളത്തിൽനിന്ന് രണ്ടുപേർ കേന്ദ്രമന്ത്രിമാരായത് കേരള ജനതയ്ക്ക് മുഴുവൻ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവരുടെ പിന്തുണ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ടായിരിക്കണം. ഒരുകാലത്ത് തിരുവനന്തപുരത്ത് ബിജെപിക്ക് ഒരു നിയമസഭ സീറ്റ് കിട്ടി. അടുത്ത തിരഞ്ഞെടുപ്പിൽ ആ സീറ്റ് പോയി. ഇതുവരെയും ഒരു ലോകസഭാ മണ്ഡലം കിട്ടിയിരുന്നില്ല. ആദ്യമായി ഇപ്പോഴത് കിട്ടി. എന്നാൽ അടുത്ത പ്രാവശ്യം ഈ സീറ്റ് ഉണ്ടാകുമോ എന്ന് അറിയില്ല -അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധവികാരം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഒരു ലോക്സഭാ സീറ്റുപോലും എൽഡിഎഫിന് ലഭിക്കുമായിരുന്നില്ലെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവ പറഞ്ഞു. എൽ.ഡി.എഫിന് ബൂത്തുതലത്തിലുള്ള വോട്ടുകണക്കുകൾ എടുക്കാൻ എൽ.ഡി.എഫിന് കഴിയും. അതിനനുസരിച്ച് തീരുമാനമെടുക്കാൻ അവർക്ക് കഴിയും. സഭ അവരെ ഉപദേശിക്കേണ്ട കാര്യമില്ല -അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ തോമ മാതൃൂസ് തൃതീയന്‍ ബാവതന്നെ 2023ൽ കുറ്റപ്പെടുത്തിയിരുന്നു. ക്രിസ്ത്യാനികളും മറ്റ് ഇതര വിഭാഗങ്ങളും മരിച്ചുവീഴുന്നു. മണിപ്പുരില്‍ നടക്കുന്ന കാര്യങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് നാണക്കേടാണ്. പള്ളികള്‍ തകര്‍ക്കപ്പെട്ടു. കലാപം തുടരുന്നതില്‍ സഭയ്ക്ക് ആശങ്കയുണ്ട്. ആഭ്യന്തര മന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ല. സര്‍ക്കാര്‍ പരിഹാരം കണ്ടത്തണമെന്നും ആരും കൊല്ലപ്പെടരുതെന്നാണ് സഭയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.