വിധി നടപ്പാക്കിയില്ലെങ്കിൽ കടുത്ത നീക്കത്തിന് ഓർത്തഡോക്സ് സഭ
text_fieldsകോട്ടയം: സഭാതർക്കവുമായി ബന്ധപ്പെട്ട കോടതിവിധികൾ നടപ്പാക്കാതെ അവഗണന തുടർന്നാൽ സർക്കാറിനെതിരെ കടുത്ത നീക്കത്തിന് ഓർത്തഡോക്സ് സഭ. യാക്കോബായ പക്ഷം കൈവശമിരിക്കുന്ന ആറ് പള്ളി യഥാർഥ അവകാശികൾക്ക് വിട്ടുനൽകണമെന്ന സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്ത ഓർത്തഡോക്സ് സഭ, പക്ഷേ സർക്കാർ നടപടികളെ വിമർശിക്കുകയാണ്. കുറുക്കുവഴികളിലൂടെ വിഘടിത വിഭാഗത്തെ സഹായിക്കുന്നവർക്കുള്ള താക്കീതാണ് കോടതി വിധിയെന്നും അത്തരക്കാരെ സഹായിക്കുന്ന സർക്കാർ നിലപാട് ചോദ്യം ചെയ്യപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കോടതിവിധികളെ അവഗണിക്കുന്ന നിലപാടാണ് സർക്കാർ പിന്തുടരുന്നതെന്ന് സഭാവൃത്തങ്ങൾ കുറ്റപ്പെടുത്തി. തങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നിലക്കാണ് സർക്കാർ നടപടികൾ. അവഗണന തുടർന്നാൽ സർക്കാറിനെതിരെ നിസ്സഹകരണം പ്രഖ്യാപിക്കുന്നത് ഉൾപ്പെടെ കടുത്ത തീരുമാനത്തിലേക്ക് നീങ്ങണെമന്ന അഭിപ്രായം സമുദായത്തിലുണ്ട്. സഭാതർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തിലും അവർ കടുത്ത അതൃപ്തിയിലാണ്. തമ്മിലടിപ്പിച്ച് കാര്യം നേടാനുള്ള രാഷ്ട്രീയനീക്കമാണ് സർക്കാറിന്റേതെന്ന ആക്ഷേപവും ഉന്നയിക്കുന്നു.
തങ്ങളുടെ ഭാഗത്തുനിന്നും ഒരു നീക്കവുമുണ്ടാകരുതെന്ന് ഉറപ്പുവാങ്ങിയശേഷം കോടതിവിധികളിൽ എതിർപക്ഷത്തിന് പകരം സർക്കാർ തന്നെ അപ്പീൽ പോകുന്ന കടുത്ത വഞ്ചനയാണുണ്ടാകുന്നതെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. തങ്ങൾക്ക് അനുകൂലമായ കോടതിവിധികൾ നടപ്പാക്കാനെന്ന പേരിൽ ആരാധനാലയങ്ങൾക്ക് മുന്നിലേക്ക് വിളിപ്പിച്ചശേഷം കാഴ്ചക്കാരാക്കുകയാണ്. എതിർപക്ഷത്തിനെതിരെ ജലപീരങ്കി ഉപയോഗിച്ച് തങ്ങളുടെ ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കാൻ പൊലീസും സർക്കാറും ഇതുവരെ തയാറായിട്ടില്ല. ഇത് ഒത്തുകളിയാണെന്ന ആക്ഷേപമാണ് സഭയുടേത്.
‘‘കോടതിവിധി താക്കീത് ’’
കോട്ടയം: മലങ്കരസഭാ കേസിൽ യാക്കോബായ പക്ഷം കൈവശം വെക്കുന്ന ആറ് പള്ളികൾ യഥാർഥ അവകാശികൾക്ക് വിട്ടുനൽകണമെന്ന സുപ്രീംകോടതി ഉത്തരവിനെ ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്തു. 1934ലെ മലങ്കര സഭാ ഭരണഘടനയെ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് വിധി. മലങ്കരസഭയുടെ പള്ളികൾ 1934ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടവയാണെന്ന 2017ലെ സുപ്രീം കോടതി വിധി അന്തിമമാണെന്നും കോടതി വ്യക്തമാക്കി. കോടതി വിധി കുറുക്കുവഴികളിലൂടെ വിഘടിത വിഭാഗത്തെ സഹായിക്കുന്നവർക്കുള്ള താക്കീതാണ്. അത്തരക്കാരെ സഹായിക്കുന്ന സർക്കാർ നിലപാട് പൊതുസമൂഹത്തിന് മുന്നിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഓർത്തഡോക്സ് സഭ മാധ്യമവിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരമോന്നത കോടതിയിൽനിന്ന് തിരിച്ചടി നേരിട്ട സ്ഥിതിക്ക് സർക്കാർ ഇനിയെങ്കിലും സത്യത്തിനൊപ്പം നിൽക്കണം. കോടതി വിധി നടപ്പാകുന്നില്ലെങ്കിൽ പിന്നെ പൗരൻ എവിടേക്ക് പോകുമെന്ന ചോദ്യം പ്രസക്തമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.