കരാറുകാർ ബഹിഷ്കരണത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങുന്നു
text_fieldsകൊച്ചി: കരാറുകാർക്കുകീഴിൽ ജോലി ഇല്ലാതായതോടെ ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങുന്നു. ജില്ലയിലെ അഞ്ഞൂറോളം ചെറുകിട കരാറുകാർ ഉൾപ്പെടെ ബഹിഷ്കരണത്തിലായതാണ് തൊഴിലാളികൾക്ക് വിനയായത്. ജി.എസ്.ടി നടപ്പാക്കിയതുമൂലം കരാറുകാർ ടെൻഡർ ബഹിഷ്കരണം തുടരുകയാണ്. മുമ്പ് ഏറ്റെടുത്ത കരാറുകൾക്ക് ജി.എസ്.ടി ഉൾപ്പെടുത്തിയതാണ് ബഹിഷ്കരണത്തിന് കാരണം.
ജി.എസ്.ടി പ്രകാരം 14 ശതമാനം അധികനികുതിയാണ് കരാറുകാർ അടക്കേണ്ടത്. അസം, ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള നൂറുകണക്കിന് തൊഴിലാളികൾ ബഹിഷ്കരണം മൂലം പെരുവഴിയിലായി. തൊഴിലാളികളെ നിലനിർത്താൻ ഭീമമായ തുക വേണമെന്ന് കരാറുകാർ പറയുന്നു. ഇവർക്ക് താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനും കഴിയുന്നില്ല. ബഹിഷ്കരണം തുടരുന്നതിനാൽ ത്രിതല പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ നിർമാണങ്ങൾ അനിശ്ചിതത്വത്തിലാണ്. അതേസമയം, റെയിൽവേ ബോർഡുമായി നടത്തിയ ചർച്ചയെ തുടർന്ന് റെയിൽവേയിലെ ബഹിഷ്കരണം അവസാനിപ്പിച്ചു. ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും മുൻ കരാറുകൾക്ക് ജി.എസ്.ടി ഇൗടാക്കില്ലെന്നും ബോർഡ് അറിയിച്ചതിനെത്തുടർന്നാണിത്.
റെയിൽവേ കരാറുകാർ ട്രാക്ക് വീതി കൂട്ടൽ, സ്റ്റേഷൻ അറ്റകുറ്റപ്പണി എന്നിവ ഉൾപ്പെടെയാണ് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച റെയിൽേവ കരാർ ജീവനക്കാർ ധർണയും സമരവും നടത്തിയിരുന്നു. എന്നാൽ, ഇത്തരത്തിൽ ക്രിയാത്മക നടപടി സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് കരാറുകാർ പറയുന്നു. ധനമന്ത്രി, സംസ്ഥാന പ്രതിനിധി, കേന്ദ്ര പ്രതിനിധി എന്നിവരുൾപ്പെടുന്ന ജി.എസ്.ടി കൗൺസിൽ തീരുമാനം വൈകിക്കുന്നതാണ് കരാറുകാർക്ക് വിനയാകുന്നത്. നിർമാണജോലികൾ പൊതുജനങ്ങൾക്ക് വേണ്ടിയാണെന്നും അധികനികുതി ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നുമാണ് കരാറുകാരുെട നിലപാട്. പ്രശ്നം പരിഹരിച്ച് ടെൻഡർ വിളിച്ചാലേ ആറുമാസം കഴിഞ്ഞെങ്കിലും പണി തുടങ്ങാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.