കലാമണ്ഡലം ഗീതാനന്ദൻ അരങ്ങിൽ കുഴഞ്ഞു വീണു മരിച്ചു
text_fieldsതൃശൂർ: തുള്ളൽ കലയെ ജനകീയമാക്കിയ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ (58) തുള്ളൽ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങാലക്കുടക്ക് സമീപം അവിട്ടത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ തുള്ളൽ അവതരിപ്പിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു. എട്ടാം വയസ്സില്‍ പിതാവില്‍ നിന്നാണ് തുള്ളല്‍കച്ച സ്വീകരിച്ചത്.
ചിലങ്കയണിഞ്ഞ്, കിരീടം വെച്ച് 1969ല്‍ ആമക്കാവ് ദേവീക്ഷേത്ര തിരുമുറ്റത്തായിരുന്നു അരങ്ങേറ്റം. പാരീസ്, മസ്ക്കത്ത്, ഖത്തര്‍, യു.എ.ഇ, ബഹ്ൈറന്‍ എന്നീ വിദേശ രാജ്യങ്ങളിലും 5000ത്തിലധികം സ്വദേശ വേദികളിലും തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പ്പെടെ 12 ഓളം പ്രശസ്ത അവാര്‍ഡുകള്‍ കരസ്ഥമാക്കി. തുള്ളൽകലക്ക് നൽകിയ സമഗ്രസംഭാവനക്ക് കലാമണ്ഡലം 'വീരശൃംഖല' ബഹുമതി നൽകി ആദരിച്ചിരുന്നു. കലാമണ്ഡലം തുള്ളല്‍ വിഭാഗം മേധാവി പദവിയിൽ നിന്നും 2017 മാർച്ചിലാണ് വിരമിച്ചത്.
അച്ഛനും ഗുരുവുമായ മഠത്തിൽ പുഷ്പവത്ത് കേശവൻ നമ്പീശൻ പ്രശസ്തനായ തുള്ളൽ കലാകാരനായിരുന്നു. 1983 മുതൽ കലാമണ്ഡലത്തിൽ അധ്യാപകനായി ജോലിക്ക് ചേർന്നു. തുള്ളലിനെ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും വേണ്ടി കലോത്സവ വേദികളിലെ നിത്യ സാന്നിധ്യമായി മാറിയ വ്യക്തിയാണ് അദ്ദേഹം. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. 'തൂവൽ കൊട്ടാരം', 'മനസ്സിനക്കരെ', 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' തുടങ്ങി നിരവധി 32 സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അഭിനയിച്ചു.
ചെറുതുരുത്തിക്ക് സമീപം പുതുശ്ശേരിയിലാണ് താമസം. ഭാര്യ: ശോഭ, മക്കൾ:- സനൽ കുമാർ, ശ്രീലക്ഷ്മി. പ്രശസ്തനായ കഥകളിയാചാര്യൻ നീലകണ്ഠൻ നമ്പീശൻ അമ്മാവനാണ്, ജ്യേഷ്ഠൻ കലാമണ്ഡലം വാസുദേവൻ പ്രശസ്ത മൃദംഗ വിദ്വാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.