വിശന്നുവലഞ്ഞ് നാലംഗ കുടുംബം; കൈപിടിച്ച് പൊലീസ്
text_fieldsഒറ്റപ്പാലം: വിശപ്പിന്‍റെ വിളിക്ക് മുന്നിൽ നാലംഗ കുടുംബത്തിന്റെ മുന്നിൽ എല്ലാ വഴികളും അടഞ്ഞപ്പോൾ മുട്ടിയത് പൊലീസ് സ്റ്റേഷനിൽ. ഞായറാഴ്ച ഉച്ചക്ക് ഒന്നേ മുക്കാലോടെയാണ് രണ്ട് മക്കളും മാതാപിതാക്കളും അടങ്ങിയ കുടുംബം സബ് ഇൻസ്‌പെക്ടറെ അന്വേഷിച്ച് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ പി.ആർ.ഒ ബിനു രാമചന്ദ്രന്റെ മുന്നിലെത്തിയത്. സബ് ഇൻസ്‌പെക്ടർ സ്ഥലത്തില്ലെന്നും പരാതിയുണ്ടെങ്കിൽ അറിയിക്കാനും ആവശ്യപ്പെട്ടെങ്കിലും പരാതികളൊന്നുമില്ലെന്ന് അവർ മറുപടി നൽകി. വിശദമായ അന്വേഷണത്തിലാണ് വാടക വീട്ടിൽ കഴിയുന്ന കുടുംബം രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് മനസിലായത്. രാവിലെ മുതൽ ബസ് സ്റ്റാൻഡിലാണെന്നും ആത്മഹത്യയെക്കുറിച്ച് പലവട്ടം ചിന്തിച്ചെന്നും അവസാന വട്ട ശ്രമമെന്ന നിലയിലാണ് സബ് ഇൻസ്‌പെക്ടറെ കാണാനെത്തിയതെന്നുമാണ് ഇവർ അറിയിച്ചത്.
കൂടുതൽ അന്വേഷിച്ചപ്പോഴാണ് കുടുംബത്തിന്‍റെ ദയനീയാവസ്ഥ മനസ്സിലായത്. ടൈൽസ് വർക്കിന് സഹായിയായി ജോലിചെയ്തിരുന്ന ഭർത്താവിന് കേൾവിക്കുറവ് തുടങ്ങിയതോടെ ആരും പണിക്ക് വിളിക്കാതായെന്ന് സ്ത്രീ പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുകിട്ടുന്ന 7,000 രൂപയിൽ 5,000 രൂപ വീട്ടുവാടക നൽകേണ്ടതുണ്ട്. വാടക കുടിശ്ശികയുള്ളതിനാൽ വീട്ടുടമയുടെ ഭീഷണിയുണ്ട്. രണ്ട് ദിവസമായി സ്കൂൾ അവധിയായതിനാൽ നാലിലും ഒന്നിലും പഠിക്കുന്ന മകൾക്കും മകനും ഭക്ഷണം ലഭിക്കുന്ന വഴിയും അടഞ്ഞു.
വാടക വീടിന് അഡ്വാൻസ് നൽകിയ 12,000 രൂപ ജോലി ചെയ്യുന്ന സ്ഥാപന ഉടമയിൽ നിന്ന് മാസം തോറും തവണകളായി തിരിച്ചുപിടിക്കാമെന്ന വ്യവസ്ഥയിൽ വാങ്ങിയതിനാൽ ശേഷിക്കുന്ന 2,000 രൂപയും ലഭിക്കാതായി. ഇതോടെ റേഷൻ വാങ്ങാനും കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. ഇവരുടെ ദയനീയ അവസ്ഥ കേട്ടതോടെ സ്റ്റേഷനിലെ മെസ്സിൽ കൊണ്ടുപോയി ഭക്ഷണം നൽകി. ബിനു രാമചന്ദ്രൻ 1500 രൂപയും സഹപ്രവർത്തകർ കഴിയുന്ന സഹായവും നൽകി ഫോൺ നമ്പറും വാങ്ങിയാണ് ഇവരെ വീട്ടിലേക്കയച്ചത്. കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നേരിട്ടെത്തി അധ്യാപകരെ കണ്ട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പുരസ്കാരം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.