ജന്തുജന്യരോഗ വ്യാപനം: ഹോർട്സ്പോർട്ടായി കേരളം; 'വൺ ഹെൽത്ത്' ആശയം ശക്തമാക്കാൻ മൃഗസംരക്ഷണ വകുപ്പും
text_fieldsതിരുവനന്തപുരം: ജന്തുജന്യരോഗങ്ങൾ വർധിച്ചതോടെ ആരോഗ്യ വകുപ്പിനൊപ്പം 'വൺ ഹെൽത്ത്' ആശയം ശക്തമാക്കി മൃഗസംരക്ഷണ വകുപ്പും. മനുഷ്യാരോഗ്യത്തോടൊപ്പം മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം നിലനിര്‍ത്താനാണ് ഏകാരോഗ്യം എന്ന വൺ ഹെൽത്ത് ആശയം ആവിഷ്കരിച്ചത്. ലോകത്ത് പലരാഷ്ട്രങ്ങളും ഇതു ഗൗരവമായി നടപ്പാക്കിവരുകയാണ്. സംസ്ഥാനത്ത് വാനര വസൂരി കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇതു ശക്തമാക്കാൻ നടപടികൾക്ക് തുടക്കമായത്.
ജന്തുജന്യരോഗങ്ങളുടെ ഹോട്ട്സ്‌പോട്ട് പട്ടികയില്‍ കേരളവും ഉൾപ്പെടുന്നെന്നത് ഗൗരവമായി സർക്കാർ കാണുകയാണ്. മുന്നൂറിലധികം ജന്തുജന്യരോഗങ്ങൾ ലോകത്തുണ്ടെന്നാണ് കണക്ക്. ഏറ്റവും പ്രധാനം പേവിഷബാധയാണ്. ഇബോള, സാർസ്, എച്ച്1എൻ1 (പന്നിപ്പനി), എച്ച്5 എൻ1 (പക്ഷിപ്പനി), എലിപ്പനി തുടങ്ങിയ രോഗങ്ങളും ഈ വിഭാഗത്തിൽ പ്രധാനപ്പെട്ടവയാണ്.
കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗങ്ങളിൽ മഹാഭൂരിഭാഗവും ജന്തുജന്യരോഗങ്ങളാണ്. പലതിനും ഫലപ്രദമായ മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടുമില്ല. കോവിഡ് മാറ്റി നിർത്തിയാൽ കേരളത്തിൽ ഏറ്റവുമധികം ജീവനെടുത്ത പകർച്ചവ്യാധി എലിപ്പനിയായിരുന്നു.
മനുഷ്യനും മൃഗങ്ങളും ജീവിതപരിസരങ്ങളിലും വനമേഖലയിലും ഇടപഴകുമ്പോള്‍ ജീവികളില്‍നിന്നു വൈറസ്, ബാക്ടീരിയ, പരാദങ്ങള്‍ തുടങ്ങിയവ പടർന്നാണു രോഗം ഉണ്ടാക്കുന്നത്. മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്‍ക്കം, ശരീരസ്രവങ്ങളുമായുള്ള സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം രോഗസാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതവേണമെന്നാണ് നിർദേശം.
കാലാവസ്ഥവ്യതിയാനം, വനം- പരിസ്ഥിതി നശീകരണം, ആഗോളതാപനം, ഉയര്‍ന്നവളര്‍ത്തുമൃഗ സാന്ദ്രത, ഉയര്‍ന്ന ജനസാന്നിധ്യം എന്നിവ ഒന്നിച്ചുവരുന്നതാണ് ഹോട്സ്പോട്ട് പട്ടിക. ഈ മൂന്ന് കാരണങ്ങളും കേരളത്തിലും ഉണ്ടെന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.