2024ലേക്ക് കോൺഗ്രസിന് രൂപരേഖ: സോണിയക്കും രാഹുലിനും മുന്നിൽ പ്രശാന്ത് കിഷോർ അവതരിപ്പിച്ചു
text_fieldsന്യൂഡൽഹി: കോൺഗ്രസിന്‍റെ ദൗർബല്യങ്ങളും പരിഹാര നടപടികളും വിശദമാക്കി 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള രൂപരേഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പാർട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മുന്നിൽ അവതരിപ്പിച്ചു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ 370 ലോക്സഭ മണ്ഡലങ്ങളിൽ പ്രവർത്തനം കേന്ദ്രീകരിക്കുന്നതടക്കം പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് സമിതിക്ക് രൂപം നൽകും. സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും.
സോണിയയുമായും രാഹുലുമായും കിഷോർ നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 2024ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശദമായ അവതരണമായിരുന്നു പ്രശാന്ത് കിഷോറിന്‍റേതെന്നും അദ്ദേഹം മുന്നോട്ടുവെച്ച നിർദേശങ്ങളും ആശയങ്ങളുമായി മുന്നോട്ടുപോകുന്നത് ആലോചിക്കാനാണ് സമിതിക്ക് രൂപം നൽകുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രൂപവത്കരിക്കുന്ന സമിതി പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദേശങ്ങളിൽ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും വേണുഗോപാൽ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേൽനോട്ടം വഹിച്ച പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് ചരിത്രവിജയം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രശാന്ത് കിഷോർ തൊട്ടുപിറകെ കോൺഗ്രസുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഇരു കൂട്ടരും ഉടക്കി പിരിഞ്ഞതായിരുന്നു. പിന്നീട് തൃണമൂൽ കോൺഗ്രസുമായുള്ള കരാർ അവസാനിപ്പിച്ച ശേഷമാണ് കോൺഗ്രസുമായുള്ള ചർച്ച പുനരാരംഭിച്ചത്.
അതേസമയം, കൺസൽട്ടന്‍റ് എന്നതിലുപരി പാർട്ടിക്കുള്ളിലേക്ക് കടന്നുവരാൻ പ്രശാന്ത് കിഷോറിനോട് ആവശ്യപ്പെടണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷാവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ചർച്ച എന്ന കോൺഗ്രസ് വൃത്തങ്ങളുടെ വിശദീകരണം കിഷോറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തള്ളി. 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള രൂപരേഖയാണ് ഇരുകൂട്ടരും ചർച്ച നടത്തിയതെന്ന് അവർ പറഞ്ഞു. രണ്ട് കൂട്ടരും ധാരണയിലെത്തിയാൽ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പു തൊട്ട് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പു വരെയുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ കടിഞ്ഞാൺ പ്രശാന്ത് കിഷോറിനായിരിക്കും. ഉത്തർപ്രദേശ്, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കണമെന്നും തമിഴ്നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സഖ്യത്തിൽ മത്സരിക്കണമെന്നും പ്രശാന്ത് കിഷോർ നിർദേശിച്ചതായി വാർത്ത റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.