കെ-റെയിലിൽ പടരുന്നു ജനരോഷം: മുഖ്യമന്ത്രിക്ക് ആര് മണികെട്ടും?
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് പൊലീസ് കാവലിലെ കല്ലിടലും എതിരായ ജനരോഷവും സംഘർഷത്തിലേക്ക് മാറുമ്പോഴും മുഖ്യമന്ത്രിയോടും സി.പി.എമ്മിനോടും കാര്യം പറയാനാവാതെ ഘടകകക്ഷി നേതൃത്വം. സാമൂഹികാഘാത സർവേയുടെ പേരിൽ ജനവാസ കേന്ദ്രങ്ങളിൽ പൊലീസ് കാവലിൽ കല്ലിടുന്നതിനെതിരെ രാഷ്ട്രീയ ഭേദമെന്യേ ജനരോഷം പതഞ്ഞുപൊങ്ങുമ്പോൾ എൽ.ഡി.എഫിൽ സി.പി.എം മാത്രമാണ് നേരിടാൻ പരസ്യമായി രംഗത്തുള്ളത്. സി.പി.ഐയും കേരള കോൺഗ്രസും (എം) ഉൾപ്പെടെ മറ്റു ഘടകകക്ഷികൾ സംഭവങ്ങളെ നിരീക്ഷിക്കുകയാണ്. ഏപ്രിൽ 30ന് ചേരുന്ന എൽ.ഡി.എഫ് ഈ സാഹചര്യത്തിൽ മുന്നണിക്ക് നിർണായകമാണ്.
ജനകീയ പ്രതിഷേധത്തിനൊപ്പം യു.ഡി.എഫും ബി.ജെ.പിയും കൂടി അണിനിരന്നതോടെ ക്രമസമാധാന പ്രശ്നത്തിനുപരി രണ്ടാം പിണറായി സർക്കാർ നേരിടുന്ന ആദ്യത്തെ രാഷ്ട്രീയ വെല്ലുവിളി കൂടിയായി കെ-റെയിൽ മാറി. 'പരിസ്ഥിതി പഠനവും ആവശ്യമായ അനുമതിയും വാങ്ങി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കു'മെന്ന എൽ.ഡി.എഫ് പ്രകടന പത്രിക ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മും പിണറായി വിജയനും കല്ലിടലിനെ ന്യായീകരിക്കുന്നത്. ദേശീയപാത ഭൂമി ഏറ്റെടുക്കലിന് സമാനമായി നഷ്ടപരിഹാരം നൽകുമെന്ന വാഗ്ദാനമൊന്നും കിടപ്പാടം നഷ്ടമാകുമെന്ന ജനങ്ങളുടെ ആശങ്ക തണുപ്പിക്കാനാകുന്നില്ല.
പ്രകടനപത്രികയിലെ വാഗ്ദാനമെന്ന നിലയിൽ സിൽവർ ലൈൻ പദ്ധതിയെ സി.പി.ഐ എതിർക്കുന്നില്ലെങ്കിലും കഴിഞ്ഞ ഒന്നിലേറെ നിർവാഹക സമിതിയിൽ നേതാക്കൾ ജനങ്ങളുടെ ആശങ്ക പങ്കുവെച്ചിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നാണ് സി.പി.ഐയിലെ ഭൂരിപക്ഷ അഭിപ്രായം. പദ്ധതിയെ എതിർക്കുന്നവരെ സർക്കാർ, ഇടതുപക്ഷ വിരുദ്ധരായി കാണരുതെന്ന അസി. സെക്രട്ടറി കെ. പ്രകാശ് ബാബുവിന്‍റെ പ്രസ്താവന പാർട്ടിയിലെ വികാരത്തിന്‍റെ പ്രതിഫലനമായി. ചികിത്സയിലുള്ള കാനം രാജേന്ദ്രൻ ചൊവ്വാഴ്ച കഴിഞ്ഞേ തലസ്ഥാനത്തെത്തൂ. ശക്തികേന്ദ്രമായ കോട്ടയം ജില്ലയിലെ പ്രതിഷേധത്തെ കേരള കോൺഗ്രസും സൂക്ഷ്മമായാണ് വീക്ഷിക്കുന്നത്. ഇരു പാർട്ടികളിലെയും നേതാക്കൾക്കിടയിലെ ആശങ്ക നേതൃത്വം പിണറായി വിജയന്‍റെ മുഖത്തുനോക്കി പറയുമോ എന്നതിലാണ് അണികൾക്ക് സംശയം. പൊലീസ് കാവലിലെ വികസനവും ജനകീയ പ്രതിഷേധത്തോടുള്ള ധാർഷ്ട്യവും വെല്ലുവിളിയും പ്രതിപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുമെന്ന് ഇടതുപക്ഷ അഭ്യുദയകാംക്ഷികളും മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.